വിരമിക്കാനിരിക്കെ ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി; സംസ്ഥാന ചരിത്രത്തിലാദ്യം

Jacob Thomas | Kerala N?ews

തിരുവനന്തപുരം: നിരന്തരമായി കേസുകളിൽ ഉൾപ്പെട്ടെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തി. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തെന്ന് ആരോപിച്ചാണ് പൊതുഭരണ വകുപ്പിന്റെ നടപടി. ഇത് സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്.

ജേക്കബ് തോമസ് ചട്ടങ്ങൾ ലംഘിക്കുന്നത് പതിവാക്കിയതും സ്ഥഇരമായി കേസുകളിൽപ്പെടുന്നതും തരംതാഴ്ത്താൻ കാരണമായതായാണ് വിവരം. ഓൾ ഇന്ത്യ സർവീസ് റൂൾ അനുസരിച്ചാണ് നടപടി. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ജേക്കബ് തോമസ്. മെയ് 31 ന് സർവ്വീസിൽ വിരമിക്കാനിരിക്കെയാണ് നടപടി.

അതേസമയം, ജേക്കബ് തോമസ് ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ തരംതാഴ്ത്തൽ നടപടിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ.

സർക്കാർ അനുവാദമില്ലാതെ പുസ്തകം എഴുതിയതുൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നത്. പുസ്തകം എഴുതിയത് ചട്ടലംഘനമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിനെ കഴിഞ്ഞ വർഷം അവസാനമാണ് മെറ്റൽസ് ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്. ജേക്കബ് തോമസ് 2017 മുതൽ സസ്പെൻഷനിലായിരുന്നു.

Exit mobile version