മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും; വാര്‍ത്ത സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി വന്ന വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി ദിവസേന കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ ഇനിമുതല്‍ വാര്‍ത്ത സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സ്പ്രിംഗ്‌ളര്‍ അടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്നായിരുന്നു വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാലാണ് ദിവസവും അവലോകന യോഗം ചേരേണ്ട കാര്യമില്ലെന്ന തീരുമാനത്തില്‍ എത്തിയത്. അതുകൊണ്ടാണ് വാര്‍ത്ത സമ്മേളനം നിര്‍ത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും ഓഫീസ് വിശദീകരിച്ചു.

Exit mobile version