രണ്ട് പ്രളയവും നിപ്പയും കടന്ന് കൊറോണയില്‍, നാടിന്റെ രക്ഷയ്ക്കായി എരിയുന്ന വേനലിലും പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യ”; കേരള പോലീസിനെ അഭിനന്ദിച്ച് നടന്‍ ബിജു മോനോന്‍

തിരുവനന്തപുരം: സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും. ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ അത്യധ്വാനം ചെയ്യുന്നവരാണ് കേരളത്തിലെ പോലീസുകാര്‍.

നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് അറിയാനായി ജനങ്ങള്‍ക്കുവേണ്ടി കാവല്‍ നില്‍ക്കുകയാണ് പോലീസുകാര്‍. കൂടാതെ പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന പോലീസുകാരുടെ വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ കേരളപോലീസിന്റെ സമാനതകളില്ലാത്ത സേവനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഒരു യാത്രാ പാസിനായുള്ള സഞ്ചാരത്തില്‍ തിരിച്ചറിയുന്ന പോലീസിന്റെ സേവനങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്.

‘കുട്ടിക്കാലത്തും വളര്‍ന്നപ്പോഴും പോലീസ് ഒരു വികാരമായിരുന്നു. എന്നാല്‍ കഥയിലും ചരിത്രത്തില്‍ അവര്‍ പ്രതിനായകര്‍ മാത്രമായിരുന്നു. രണ്ട് പ്രളയവും നിപ്പയും കടന്ന് കൊറോണയില്‍ നടുങ്ങി നില്ക്കുന്ന നാടിന്റെ രക്ഷയ്ക്കായി കരുതലിന്റെയും കരുണയുടെയും രക്ഷാ കവചമൊരുക്കി അവര്‍ നിന്നു. എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യ’- ബിജു മേനോന്‍ പറയുന്നു.

വീഡിയോയിലൂടെ വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശവും ബിജു മേനോന്‍ നല്‍കുന്നുണ്ട്. പോലീസുകാരുടെ സേവനങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട് കൂടി നല്‍കിയാണ് താരം വീഡിയോ അവസാനിപ്പിച്ചത്. മൂന്ന് മിനിറ്റ് മാത്രമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version