പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; ഭയപ്പെടുത്തൽ അതിന് പറ്റിയവരുടെ അടുത്ത് മതി; കേസ് വാദിക്കാൻ പണം കൊടുത്തത് കെഎം ഷാജിയുടെ അച്ചിവീട്ടിലെ പൈസ കൊണ്ടുമല്ല; മുഖ്യമന്ത്രിക്ക് മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി വീണ്ടും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെഎം ഷാജി ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സിപിഎം നേതാക്കളെ സഹായിക്കാനായി ചിലവഴിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമർശിച്ചതിന് പിന്നാലെയാണ് മറുപടിയുമായി കെഎം ഷാജി രംഗത്തെത്തിയിരിക്കുന്നത്.

കൊടുത്താൽ മാത്രം മതി ചോദിക്കരുത് എന്ന് പറയാൻ ഇത് നേർച്ച പൈസയല്ല. ദുരിതാശ്വാസ നിധിയാണ്. പണം കൊടുത്തു എന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പിന്നെ എന്താണ് അത് ചോദിക്കുന്നതിൽ തെറ്റ്. അതിൽ മുഖ്യമന്ത്രി മറുപടി പറയണം. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അങ്ങനെയൊക്കെ പണം കൊടുക്കാൻ പാടുണ്ടോ എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുന്നു. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്തിട്ടാണ് ഒരു സിപിഎം എംഎൽഎയ്ക്കും ഒരു ഇടതുപക്ഷ നേതാവിനും 25 ഉം 35 ഉം ലക്ഷം വീതം കൊടുത്തത്. അവരുടെ ബാങ്കിലെ കടം തീർക്കാനാണ് ഈ തുക കൊടുത്തത്. പൊതുജനത്തിന്റെ പണം എടുത്ത് ഇങ്ങനെ കൊടുക്കുന്നത് മാന്യമായ ഇടപാടല്ല.-വാർത്ത സമ്മേളനത്തിൽ കെഎം ഷാജി കുറ്റപ്പെടുത്തി.

പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. വെറുതെ തെറ്റിദ്ധരിക്കരുത്. ഒരു പാടുകാലത്തെ രാഷ്ട്രീയപ്രക്രിയയുടെ ഭാഗമായി ഉരുത്തിരിഞ്ഞ് വന്ന കേരളത്തിന്റെ രാഷ്ട്രീയ നന്മയേയും പുരോഗതിയേയും ഒക്കെ ഒറ്റയടിക്ക് പിആർ ഗ്രൂപ്പിനെ കയ്യിൽവെച്ച് വാങ്ങാമെന്ന് പിണറായി കരുതണ്ട. ഇതൊരു ജനാധിപത്യരാജ്യമാണ്, കമ്യൂണിസ്റ്റ് രാജ്യമല്ല.

തിരിച്ചുചോദിക്കരുത്, തിരിച്ച് പറയരുത്, ഞാൻ പറയും നിങ്ങൾ കേൾക്കണം എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ആ ഭയപ്പെടുത്തലൊക്കെ അതിന് പറ്റിയവരുടെ അടുത്ത് മതി. പ്രളയമല്ല, ഓഖിയല്ല, കൊവിഡ് അല്ല, മൂക്കിന്റെ അറ്റത്ത് വെള്ളം വന്ന് നിൽക്കുന്നതുവരെ രാഷ്ട്രീയം പറയും. അദ്ദേഹത്തിന് എത്ര വെറിപിടിക്കുന്നോ അത്രയും പറയും-കെഎം ഷാജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1000 കോടി രൂപയോളം ഗ്രാമീണ റോഡുകൾ നന്നാക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇപ്പോൾ പണം കൊടുത്തിരിക്കുന്നത്. ഇടതുപക്ഷത്തിനും ഈ പ്രളയവുമായി ബന്ധമില്ലാത്ത ആർക്കൊക്കെയോ വേണ്ടി 1000 കോടി രൂപയോളം ചിലവഴിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് മുഖ്യമന്ത്രി അങ്ങനെ തുക ചിലവഴിക്കാമോ? രണ്ട് കോടി രൂപയാണ് ഷുഹൈബിന്റേയും ഷുക്കൂറിന്റെയേും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിനെ ഒരു മണിക്കൂറിന് 25 ലക്ഷം രൂപ നൽകി ഇവർ വെച്ചത്. രേഖകൾ എന്റെ കൈവശമുണ്ട്. അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ല കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ മുഖ്യമന്ത്രിയുടെ വീട്ടിലെ പൈസയാണോ അത്, അതോ കെഎം ഷാജിയുടെ അച്ചിവീട്ടിലെ പൈസ കൊണ്ടാണോ? അല്ലല്ലോ, ഷുക്കൂറിന്റെ ഉമ്മ മകന്റെ മയ്യത്ത് പുതപ്പിക്കാൻ വാങ്ങിയ പുതപ്പിന്റെ നികുതിയുണ്ട് നിങ്ങൾ കൊടുത്ത പൈസയിൽ.

ഞങ്ങൾക്ക് അത് ചോദിക്കാൻ അവകാശമില്ല. കൊവിഡ് കാലം രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ? പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്ത് ഇരിക്കുന്നവർ എന്ന് മുഖ്യമന്ത്രി മനസിലാക്കണം. അദ്ദേഹത്തെ കാണുമ്പോൾ മുട്ടുവിറച്ച് മൂത്രമൊഴിക്കുന്നവരല്ല കേരളത്തിലെ പൊതുസമൂഹം എന്ന് മനസിലാക്കണം. വിരൽ ചൂണ്ടരുത്, ഇങ്ങോട്ട് ഒന്നും ചോദിക്കരുത് എന്നൊക്കെ പറയുന്നതിൽ എന്താണ് അർത്ഥമെന്നും കെഎം ഷാജി ചോദിച്ചു.

പിആർ വർക്കിന് വേണ്ടി മുഖ്യമന്ത്രി കോടികൾ ചിലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രളയഫണ്ടിൽ 8000 കോടി രൂപ വന്നു. 20.7.19 വരെ ചിലവഴിച്ചത് 2000 കോടിയാണെന്നും ഷാജി ചൂണ്ടിക്കാണിച്ചു.

46 കോടി രൂപ വകമാറ്റി ചിലവഴിച്ചത് ഞാൻ ചോദിക്കുമ്പോൾ മുഖ്യമന്ത്രി വിറളിപിടിക്കുന്നു. ആ കേസ് ലോകായുക്തയിൽ നടക്കുന്നുണ്ട്. എന്റേത് വികൃതമനസാണെന്ന് മുഖ്യമന്ത്രി പറയുന്നു. എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും മകനെ നഷ്ടപ്പെട്ടില്ല. ഒരു ഭാര്യയ്ക്കും ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല. ഇതൊക്കെ ആര് കാരണമാണ് എന്ന് മലയാളിക്ക് അറിയാം. പ്രളയകാലത്തും ഓഖി കാലത്തും തോളിൽകയ്യിട്ട് നടന്നുവെന്ന് വെച്ച് പഴയ ദംഷ്ട്രങ്ങളുള്ള രാക്ഷസന്റെ മുഖം മലയാളി മറന്നുവെന്ന് പിണറായി കരുതേണ്ട, കെഎം ഷാജി കുറ്റപ്പെടുത്തി.

Exit mobile version