പോലീസ് ഓട്ടോറിക്ഷ തടഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ തോളില്‍ ചുമന്ന് മകന്‍

കൊല്ലം: ലോക്ക് ഡൗണിലെ പോലീസിന്റെ കര്‍ശന പരിശോധന അത്യാവശ്യ കാര്യങ്ങള്‍ക്കിറങ്ങുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അത്തരത്തില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പിതാവിനെ തോളിലേറ്റി പോകുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

പുനലൂര്‍ തൂക്കു പാലത്തിനു സമീപം പോലീസ് ഓട്ടോറിക്ഷ തടഞ്ഞതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പിതാവിനെ ഒരു കിലോമീറ്ററോളം ദൂരം മകന്‍ എടുത്തുകൊണ്ടു പോകുകയായിരുന്നു. പിതാവിനെ കൂട്ടിക്കൊണ്ടു പോകാന്‍ മകന്‍ കൊണ്ടുവന്ന ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നു.

നാല് ദിവസം മുമ്പാണ് കുളത്തൂപ്പുഴ സ്വദേശിയായ 65കാരന്‍ ചികിത്സ തേടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാര്‍ജ് ആകുകയായിരുന്നു.

മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് വാഹനം കടത്തി വിടാത്തതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രണ്ടായിരം ഒപി ഉണ്ടായിരുന്നു. കൂടാതെ എല്ലാ ബാങ്കുകളിലും പെന്‍ഷന്‍കാരും എത്തിയിരുന്നു. എല്ലാവരും വാഹനങ്ങള്‍ വിളിച്ചാണ് എത്തിയതാണ് ഇത്രയധികം തിരക്ക് ഉണ്ടാകാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.

അതേസമയം,സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Exit mobile version