രണ്ടരലക്ഷം മുറികള്‍ കണ്ടെത്തി, പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ഒരുങ്ങി; ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രം

തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്ഥാപനങ്ങള്‍ കണ്ടെത്തും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. പത്തുലക്ഷം മലയാളികളെങ്കിലും വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.

അതേസമയം, പ്രവാസികളെ തിരികെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളടക്കം മുന്‍കരുതലുകളാണ് കേരളമെടുക്കുന്നത്.

വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്ററുകളാക്കി.

മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും

തിരുവനന്തപുരം 7500 മുറികള്‍
പത്തനംതിട്ട 8100 മുറികള്‍
വയനാട് 135 കെട്ടിടങ്ങള്‍
ആലപ്പുഴ 10,000 കിടക്കകള്‍
മലപ്പുറം 15,000 കിടക്കകള്‍
കണ്ണൂര്‍ 4000 കിടക്കകള്‍
തൃശൂര്‍ 7581 മുറികള്‍
കോഴിക്കോട് 15,000 മുറികള്‍

* എം.ഇ.എസ്. ഉടമസ്ഥതയിലുള്ള 150 കെട്ടിടങ്ങള്‍ വിട്ടുനല്‍കാമെന്ന് വാഗ്ദാനം
* എം.എസ്.എസ്. നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും കെയര്‍ സെന്ററിന് വിട്ടുനല്‍കും
* മുസ്ലിം ലീഗിന്റെയും അനുബന്ധ സംഘടകളുടെയും നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും കൈമാറും

Exit mobile version