കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി, ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് വവ്വാലുകളിലും കൊറോണ കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നത്.

2018-’19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്.

ഇതില്‍ കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വവ്വാലുകളുടെ തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നുള്ള സാംപിളുകളാണ് പരിശോധിച്ചത്. കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 217 സ്രവ സാംപിളുകളാണ് പരിശോധിച്ചത്.

ഇതില്‍ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു. എന്നാല്‍, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയില്‍നിന്നുള്ള 25 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായി. ഹിമാചലില്‍നിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയില്‍നിന്നുള്ള ആറും തമിഴ്‌നാട്ടില്‍നിന്നുള്ള ഒന്നും സാംപിളുകള്‍ പോസിറ്റീവായിരുന്നു.

നേരത്തെ വവ്വാലുകളില്‍ നിപ വൈറസും കണ്ടെത്തിയിരുന്നു. കേരളത്തില്‍ നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ആര്‍ടി-പിസിആര്‍ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍-പോളിമെറെയ്‌സ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയിലാണ് വവ്വാലുകളില്‍ നേരത്തേ നിപ വൈറസ് കണ്ടെത്തിയത്.

അതേസമയം, വവ്വാലുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഠനം മുന്നറിയിപ്പ് തരുന്നു. വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഈയിനത്തില്‍പ്പെട്ട സസ്തനികളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

വൈറസ് കണ്ടെത്തിയ മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേകള്‍ നടത്തണം. സാക്രമികരോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമേര്‍പ്പെടുത്തണം. പകര്‍ച്ചവ്യാധിയിലേക്ക് നയിക്കാവുന്ന പുതിയ വൈറസുകള്‍ ഉണ്ടാകുന്നതു കണ്ടെത്താന്‍ ഇതുവഴി കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Exit mobile version