ലോക്ക് ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കി തുടങ്ങി. നിയമലംഘനത്തിന് പിഴ ഈടാക്കണമെങ്കില്‍ പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വേണമെന്ന് എജി നിയമോപദേശം നല്‍കി. എഫ്‌ഐആറിലെ വകുപ്പുകള്‍ ഒഴിവാക്കാതെ കേസുകള്‍ ഒത്തുതീര്‍ക്കാനാവില്ലെന്നും എജി വ്യക്തമാക്കി

ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറക്കിയ വാഹനങ്ങള്‍ ഇന്ന് മുതല്‍ വിട്ടുനല്‍കാന്‍ ഡിജിപി സര്‍ക്കുലര്‍ നിര്‍ദേശിച്ചിരുന്നു. രേഖകളുമായി നേരിട്ടെത്തുന്നവര്‍ക്ക് ആവശ്യപ്പെട്ടാല്‍ വാഹനം ഹാജരാക്കാമെന്ന് എഴുതിവാങ്ങിയ ശേഷമാണ് വിട്ടുനല്‍കുന്നത്.

നിയമലംഘനത്തിന് പിഴയീടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാതെ പോലീസിന് പിഴയീടാക്കാനാവില്ലെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കേസുകള്‍ ഒത്തുതീര്‍പ്പാക്കണമെങ്കിലും നിലവില്‍ ചുമത്തുന്ന 269, 271 വകുപ്പുകള്‍ കോടതിയിലെത്തുമ്പോള്‍ ഒഴിവാക്കണം.

ഭേദഗതിയില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായ ശേഷമേ വിട്ടുകൊടുക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സാധ്യമാവൂ. അതേസമയം, പരിശോധനയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version