മരണം നെഞ്ചുവേദനയുടെ ചികിത്സയ്ക്കിടെ; പരിശോധനയിൽ കൊവിഡ് പോസ്റ്റീവും; കൊവിഡ് രോഗികളുമായി സമ്പർക്കമില്ലാത്ത പാലക്കാട് സ്വദേശിയുടെ മരണത്തിൽ അവ്യക്തത

പാലക്കാട്: പാലക്കാട് നൂറണി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അവ്യക്തത തുടരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ചാണ് എഴുപതുവയസുളള രാജശേഖർ ചെട്ടിയാർ മരിച്ചത്.

വലിയങ്ങാടിയിൽ ഹാർഡ്‌വെയർ സ്ഥാപനം നടത്തി വരികയായിരുന്ന രാജശേഖർ ചെട്ടിയാർ വയറുവേദനയും ഛർദ്ദിയുമായി മാർച്ച് 25 ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ സഞ്ചാരപാത ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ പത്തിനാണ് ഇദ്ദേഹം മരിച്ചത്. മാർച്ച് പതിനെട്ടാം തീയതി വരെ കടയിലെത്തിയിരുന്ന ഇദ്ദേഹം 25ന് വയറുവേദനയും ഛർദിയുമായി മകനോടൊപ്പം കാറിൽ എത്തി പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിൽ ചികിത്സ തേടി. മാർച്ച് 26ന് വീട്ടിൽ വിശ്രമം. മാർച്ച് 27ന് വീണ്ടും പാലക്കാട് ഡയബറ്റിക് സെന്ററിൽ ചികിത്സ തേടി.

ഏപ്രിൽ ഒന്നിന് കണ്ണുകൾക്ക് വേദനയും അസ്വസ്ഥതയുമുണ്ടായി. അടുത്തദിവസം കോയമ്പത്തൂരിലെ ഗ്യാസ്‌ട്രോ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അഞ്ചിന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ വെൻറിലേറ്ററിലാക്കി. ഏപ്രിൽ എട്ടിന് പനിയെ തുടർന്ന് സ്രവപരിശോധന നടത്തുകയും പിന്നീട് കോയമ്പത്തൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഒമ്പതാം തീയതി ലഭിച്ച പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് 10ന് വീണ്ടും സ്രവം പരിശോധനയ്ക്കായി അയച്ചു. അന്നുച്ചയ്ക്കായിരുന്നു മരണം. രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവ് ആണെങ്കിലും രോഗം എങ്ങനെ ബാധിച്ചു എന്നത് തെളിയിക്കാനായിട്ടില്ല. നേരത്തെ കടയിൽ എത്തിയവരിൽ നിന്ന് ലഭിച്ചതാകാനുളള സാധ്യത തളളിക്കളയാനാവില്ല. കേരളത്തിൽ സമൂഹവ്യാപനം ഇതുവരെ സംഭവിക്കാത്തതിനാൽ അത്തരത്തിലുള്ള ആശങ്കകൾ വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പ്രതികരിക്കുന്നത്.

Exit mobile version