കസേരയിൽ ഇരിക്കാനല്ല, ജനങ്ങളുടെ പട്ടിണി മാറ്റാനാണ് ഈ സർക്കാരുദ്യോഗസ്ഥന് പ്രിയം; കമ്മ്യൂണിറ്റി കിച്ചണിൽ ചുമടെടുക്കാനും പാചകം ചെയ്യാനും പാത്രം കഴുകാനും മുന്നിൽ തന്നെ

പെരിങ്ങമല: പഞ്ചായത്ത് ഓഫീസിലെ വിഇഒ പദവിയിലിരുന്ന് സേവനം ചെയ്യൽ മാത്രമല്ല, ജനങ്ങളുടെ ദുരിതകാലത്ത് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും മുന്നിൽ തന്നെയാണ് ഈ സർക്കാരുദ്യോഗസ്ഥൻ. ലോക്ക് ഡൗണിനിടെ ജനങ്ങൾ പട്ടിണിയിലാകാതിരിക്കാൻ സർക്കാർ ഒരുക്കിയ സംവിധാനമായ കമ്മ്യൂണിറ്റി കിച്ചണിലെ സജീവ സാന്നിധ്യമാണ് ഈ ഗ്രാമ സേവകൻ. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ വിഇഒ സനൽകുമാറാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഭരണ സമിതിക്കൊപ്പം സജീവപ്രവർത്തനവുമായി രംഗത്തുള്ളത്.

പെരിങ്ങമല പഞ്ചായത്ത് സമൂഹ അടുക്കള ആരംഭിച്ചതോടെ ഈ സർക്കാർ ഉദ്യോഗസ്ഥൻ പിന്നെ ചുമടെടുക്കാനും പാത്രം കഴുകാനും പാചകത്തിനുമെല്ലാം മറ്റുള്ളവർക്കൊപ്പം അങ്ങ് കൂടി. ദിവസവും 350 പേർക്കാണ് ഈ സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണമെത്തിക്കുന്നത്. കൂടാതെ മരുന്നുകളും മറ്റ് അവശ്യസേവനങ്ങളും ആദിവാസി മേഖലകൂടിയായ ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിച്ച് നൽകുന്നുണ്ട്.

പാചകപ്പുരയിൽ മാത്രമല്ല, പഞ്ചായത്ത് പരിധിയിലെ നാട്ടുകാരുടെ പരാതി പരിഹരിക്കാനും കടകമ്പോളങ്ങളിലെ പരിശോധനക്കുമായും സ്വന്തം ഡ്യൂട്ടി ചെയ്യാനും സദാസന്നദ്ധനാണ് സനൽ കുമാർ. ഒരു ദിവസത്തെ ലീവ് പോലും വേണ്ടെന്ന് വെച്ചാണ് സനൽ കുമാറിന്റെ ഗ്രാമസേവനം.

മുമ്പ് പോലീസ് കുപ്പായം അഴിച്ച് വച്ചാണ് സനൽകുമാർ ഗ്രാമസേവകനായത്. ഇദ്ദേഹത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരിയും പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പർമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇവിടെ സജീവമായിതന്നെ രംഗത്തുണ്ട്.

Exit mobile version