മനുഷ്യത്വത്തിന് ദേശമില്ല! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂലിപ്പണി എടുത്ത് സമ്പാദിച്ച തുക കൈമാറി അതിഥി തൊഴിലാളി വിനോദ്; നിറകൈയ്യടി!

നീലേശ്വരം: മനുഷ്യത്വത്തിന് ദേശത്തിന്റേയോ ഭാഷയുടേയോ നിറം കൊടുക്കാൻ സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാസർകോട്ടെ ഈ അതിഥി തൊഴിലാളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് രാജസ്ഥാൻ സ്വദേശിയായ വിനോദ് ജംഗിത് ആണ് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുന്നത്. തനിക്ക് അന്നം തരുന്ന നാട് കൊറോണ വൈറസ് രോഗത്തിൽ തളരാതിരിക്കാൻ തന്നാലാകും വിധം താങ്ങി നിർത്താൻ ശ്രമിച്ചിരിക്കുകയാണ് വിനോദ്. കൂലിപ്പണി എടുത്ത് സമ്പാദിച്ച തന്റെ കൈവശമുണ്ടായിരുന്ന 5000 രൂപാണ് ഇദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നീലേശ്വരം പോലീസ് ഇൻസ്‌പെക്ടർ എംഎ മാത്യുവിനാണ് വിനോദ് പണം കൈമാറിയത്.

നീലേശ്വരം ബങ്കളത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് വിനോദ് ജംഗിത്. ദിവസകൂലിക്ക് ജോലി ചെയ്ത് മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.

വിനോദ് സ്‌റ്റേഷനിലെത്തിയപ്പോൾ ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാൽ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അയ്യായിരം രൂപ സിഎംഡിആർഎഫ് ലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.

Exit mobile version