രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ അതിഥി തൊഴിലാളികൾ പട്ടിണിയിൽ, ഭക്ഷണമെത്തിച്ചത് സേവാഭാരതിയെന്ന് രാജ്യമൊട്ടാകെ പ്രചാരണം; വ്യാജമെന്ന് തുറന്ന് പറഞ്ഞ് തൊഴിലാളികളും

മലപ്പുറം: രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിന്റെ പലഭാഗങ്ങളിലും അതിഥി തൊഴിലാളികൾ പട്ടിണിയിലെന്ന് ദേശീയ തലത്തിൽ വ്യാജപ്രചരണം അഴിച്ചുവിട്ട് ചിലർ. ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി 41 അതിഥിതൊഴിലാളികളാണ് മലപ്പുറം ഇരിങ്ങാട്ടേരിയിലെ ലോഡ്ജിൽ കഴിയുന്നത്. ഈ തൊഴിലാളികളുടെ പട്ടിണി വാർത്തയറിഞ്ഞ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെ തുടർന്നെന്ന പേരിൽ സേവാഭാരതി പ്രവർത്തകർ15 കിലോ അരിയടങ്ങിയ കിറ്റ് ലോഡ്ജിലെത്തിക്കുകയും ചെയ്തു.

ഈ കിറ്റ് വിതരണത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ സഹിതം രാഹുൽ ഗാന്ധി എംപിയുടെ മണ്ഡലത്തിൽ അതിഥി തൊഴിലാളികൾ ഭക്ഷണം കിട്ടാതെ ദുരിതം അനുഭവിക്കുകയാണെന്ന പേരിൽ ഇതര സംസ്ഥാനങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. വ്യാജ പ്രചാരണം ശ്രദ്ധയിൽ പെട്ടതോടെ ഇതിനെതിരെ പഞ്ചായത്ത് രംഗത്തെത്തി.

അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കെട്ടിട ഉടമയും ഏജന്റും സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എത്തിച്ചുനൽകുന്നുണ്ട്. അരി, തക്കാളി, ഉള്ളി മുതലായ എല്ലാ സാധനങ്ങളും അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടെന്നും കെട്ടിട ഉടമ സൗജന്യമായി താമസ സൗകര്യം ഒരുക്കുകയാണെന്നുമാണ് വിവരം. ഇവരുമായി പല തവണ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതാണെന്നും നിലവിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണത്തിനൊ താമസത്തിനൊ പ്രശ്‌നങ്ങളില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ഷൗക്കത്തലി വ്യക്തമാക്കി. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അതിഥി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മുഴുവൻ ആനുകൂല്യങ്ങളും എത്തിക്കുന്നുണ്ടെന്ന് പോലീസും റവന്യൂവകുപ്പും അറിയിച്ചു.

വില്ലേജിന്റെ നേതൃത്വത്തിൽ സൗജന്യ കിറ്റും വിതരണം ചെയ്തതായും ഈ കാര്യങ്ങളെല്ലാം അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും സിഐ എ സജിത്ത് വെളിപ്പെടുത്തിയതായി സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. പ്രചാരണം തെറ്റാണെന്ന് അതിഥി തൊഴിലാളികളും വെളിപ്പെടുത്തി.

Exit mobile version