നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കരുത്, തുടരണം, റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിങ്ങനെ സംസ്ഥാനങ്ങളെ തിരിക്കണം;സര്‍ക്കാര്‍ ഒന്നും പ്രതിപക്ഷവുമായി ആലോചിക്കുന്നില്ലെന്ന പരാതിക്കിടെ നിര്‍ദേശവുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനിയും തുടരണമെന്ന് യുഡിഎഫ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലുഘട്ടമായി മാത്രം പിന്‍വലിച്ചാല്‍ മതിയെന്നും യുഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു.

കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിങ്ങനെ നാലു മേഖലകളായി തിരിക്കണമെന്ന് യുഡിഎഫ് ഉപസമിതി അറിയിച്ചു. ശേഷം ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്നും നിര്‍ദേശിച്ചു.

ലോക്ക് ഡൗണ്‍ അവസാനിച്ചാലും ആഭ്യന്തര വിമാന സര്‍വ്വീസുകളെക്കുറിച്ച് ഏപ്രില്‍ അവസാനമേ ആലോചിക്കാവു എന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ട്രെയിന്‍ സര്‍വ്വീസും ഒരു മാസം കഴിഞ്ഞ് മതിയെന്ന് യുഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു. യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഈ മാസം 14നാണ് അവസാനിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 14ന് ശേഷം വീണ്ടും നിയന്ത്രണം തുടരുമോ, ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ തങ്ങളോട് കൂടി ആലോചിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചത്. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ (കണ്‍വീനര്‍), മുന്‍കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍, സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍, മുന്‍ ആസൂത്രണബോര്‍ഡ് അംഗം ജി വിജയരാഘവന്‍, ഡോ: എ മാര്‍ത്താണ്ഡം പിള്ള, ഡോ: ശ്രീജിത് എന്നിവരടങ്ങിയ സമിതിയെയാണ് യുഡിഎഫ് നിയോഗിച്ചത്.

Exit mobile version