‘യുകെയിൽ പോലും ഗുരുതര രോഗികൾക്ക് മാത്രമാണ് ചികിത്സ; അപ്പോൾ ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന കേന്ദ്രത്തിന് കീഴിൽ നിന്ന് കൊറോണയെ നേരിടുന്ന കേരളത്തെ അഭിനന്ദിക്കാതെ വയ്യ’; വൈറലായി യുവതിയുടെ കുറിപ്പ്

തൃശ്ശൂർ: കൊറോണ കാലത്ത് കേരളം കാഴ്ചവെയ്ക്കുന്ന ചികിത്സാ മികവും ജനങ്ങളെ സംരക്ഷിക്കുന്ന സർക്കാർ കരുതലും ലോകത്തിന് മുന്നിൽ പോലും മാതൃകയാവുകയാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികളെ രോഗമുക്തിയിലേക്ക് കൈപിടിച്ചതും കൊച്ചുകേരളമാണ്. ഇതിനിടെ, യുകെയിൽ പോലും ഗുരുതരാവസ്ഥയിൽ ഉള്ളവരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കുക പോലും ചെയ്യുന്നുള്ളൂവെന്ന് വിശദീകരിച്ച് യുവതി രംഗത്തെത്തിയിരിക്കുന്നത്. യുകെയിലെ സുഹൃത്തിന്റെ അനുഭവ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റീന ഫിലിപ്പ് എം എന്ന യുവതി.

ലോകത്തെ മുൻനിര രാജ്യങ്ങളേക്കാൾ സുരക്ഷയുടേയും കരുതലിന്റേയും കാര്യത്തിൽ കേരളം ഒട്ടേറെ മുന്നിലാണെന്ന് ഈ യുവതിയുടെ കുറിപ്പ് വ്യക്തമാക്കുന്നു. യുകെയിൽ നഴ്‌സുമാർ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണെന്നും സെൽഫ് ക്വാറന്റൈനിൽ കഴിയുന്നവർ ഗുരുതരമായാൽ മാത്രമാണ് ആശുപത്രിയിൽ പ്രവേശനമെന്നും രോഗം സംശയിക്കുന്നവർക്ക് ടെസ്റ്റ് പോലും നടത്തുന്നില്ല എന്നും റീന ഫിലിപ്പ് പറയുന്നു.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

യു കെയിൽ നിന്നും ഒരു സുഹൃത്ത് വിളിച്ചിരുന്നു .പനിയും തൊണ്ടവേദനയുമൊക്കെയായി സെൽഫ് ക്വാറന്റൈനിൽ ആണ് .സീരിയസ് ആയാൽ മാത്രം ആശുപത്രിയിൽ വന്നാൽ മതി എന്നാണു പറഞ്ഞിരിക്കുന്നത് .ടെസ്റ്റ് പോലും ചെയ്തിട്ടില്ല .വീട്ടിൽ ചെറിയ കുട്ടികളുണ്ട് .അടുത്ത വീടുകളിൽ തൊട്ടടുത്ത ദിവസങ്ങളിലായി രണ്ടു പേർ മരിച്ചു .പുള്ളി ആകെ ടെൻസ്ഡ് ആണ് .ഭാര്യ നഴ്‌സ് ആണ് .പ്രൊട്ടക്ക്റ്റിവ് ഗിയർ പോലും ഇല്ലാതെ വെറും മാസ്‌ക് വെച്ചാണ് അവർ ജോലി ചെയ്യുന്നത് ..കൃത്യമായി മരിച്ച ആളുകളുടെ കണക്കുകളും ഇപ്പോൾ സർക്കാർ പുറത്തു വിടുന്നില്ല എന്നാണു പറയുന്നത്.

ഇതൊക്കെ കേൾക്കുമ്പോൾ എല്ലാ പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് കേരളത്തെ ശത്രു പക്ഷത്ത് നിർത്തിയിരിക്കുന്ന ഒരു കേന്ദ്രത്തിനു കീഴിൽ അവിടത്തെ സർക്കാർ മനുഷ്യപക്ഷത്തു നിന്ന് കൊറോണയെ നേരിടുന്ന രീതിയെ അഭിനന്ദിക്കാതെ വയ്യ.

Exit mobile version