ദിവസങ്ങളായി ഭക്ഷണമില്ലെന്ന് അതിഥി തൊഴിലാളികള്‍; പാചകം ചെയ്ത ഭക്ഷണം എത്തിച്ചപ്പോള്‍ റൂമില്‍ ഭക്ഷ്യശേഖരം, വ്യാജ പരാതിയ്‌ക്കെതിരെ നടപടി

കോഴിക്കോട്: ദിവസങ്ങളായി ഭക്ഷണമില്ലെന്ന് അറിയിച്ച അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവുമായെത്തിയ നഗരസഭ അധികൃതര്‍ താമസസ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ഭക്ഷ്യ ശേഖരം.

മുക്കത്തും പരിസരത്തും ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് ഭക്ഷണവുമായി നഗരസഭ അധികൃതര്‍ താമസ സ്ഥലത്തെത്തിയപ്പോഴാണ് ചോറും കറികളും മറ്റും ആവശ്യത്തിന് കാണപ്പെട്ടത്. കോഴി മുട്ടയും പച്ചക്കറികളും ഉള്‍പ്പെടെ ഇവിടെയുള്ളതായി അധികൃതര്‍ പറഞ്ഞു.

ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇവരുടെ പരാതി. രണ്ടാഴ്ചത്തേക്കെങ്കിലും ഉള്ള ഭക്ഷണ സാമഗ്രികള്‍ ഇവര്‍ക്ക് കരാറുകാരന്‍ എത്തിച്ചു നല്‍കിയതായും കണ്ടെത്തി.

പാചകം ചെയ്ത ഭക്ഷണങ്ങളും ഭക്ഷ്യ ധാന്യങ്ങളും നല്‍കി മടങ്ങുമ്പോള്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടത്. നഗരസഭ കൗണ്‍സിലര്‍ പിടി ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍കെ ലൂഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് നഗരസഭ സെക്രട്ടറി എന്‍കെ ഹരീഷ് പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്ക് അവയെത്തിക്കുന്നതിന് തടസ്സപ്പെടുത്തുന്ന നടപടികളാണ് വ്യാജ പരാതി മൂലം സംഭവിക്കുകയെന്നും അധികൃതര്‍ പറഞ്ഞു

Exit mobile version