പ്രവാസികളെ സഹായിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്; അവർക്കായി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യും; 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോൺഫറൻസ് നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹത്തിന് വേണ്ടി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ കാര്യങ്ങൾ അറിയാനായി 22 രാജ്യങ്ങളിലെ പ്രധാനപ്പെട്ട പ്രവാസി മലയാളികളുമായി വീഡിയോ കോൺഫറൻസ് നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുപ്പതോളം പേർ ഇതിൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസ ലോകത്തെ കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് അറിയാനും അവരെ സഹായിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. അതോടൊപ്പം പ്രവാസി സഹോദരങ്ങൾക്ക് കേരളത്തിൽ എന്താണ് നടക്കുന്നതെന്നതും അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: പ്രവാസി സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി വീഡിയോ കോൺഫറൻസ് നടത്തി. 22 രാജ്യങ്ങളിൽനിന്നുള്ള മുപ്പത് പ്രവാസി മലയാളികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ് അവർ ഉന്നയിച്ചത്.

യാത്രാവിലക്ക് നിയന്ത്രണങ്ങൾ പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്തു. കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും എംബസികൾ മുഖേന ചെയ്യേണ്ടതുമായ കാര്യങ്ങൾ പ്രവാസികൾ ചൂണ്ടിക്കാട്ടി. എല്ലാ പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കണമെന്ന താത്പര്യമാണുള്ളത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ചാണ് ചർച്ച നടത്തിയത്. അതിൽ പങ്കെടുത്ത എല്ലാവർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ല. ചിലരെ ഉൾപ്പെടുത്താനും കഴിഞ്ഞില്ല. ഇനിയും കൂടുതൽ ചർച്ചകൾ നടത്തും.

പ്രവാസി സമൂഹത്തിനായി സംസ്ഥാന സർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യും. സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളിലെ ഫീസ് നൽകേണ്ടിവരുന്നത് ചിലർ ശ്രദ്ധയിൽപ്പെടുത്തി. വിദ്യാഭ്യാസമേഖലയിലെ മലയാളി മാനേജ്ുമെന്റുകളുമായി സംസാരിക്കണമെന്നായിരുന്നു അവരുടെ അഭ്യർഥന. അതിന് ശ്രമിക്കാമെന്ന് ഉറപ്പുനൽകി. അതിനുമുമ്പ് ഈ വാർത്താസമ്മേളനത്തിലൂടെ അവരോട് പരസ്യ അഭ്യർഥന നടത്തുകയാണ്. എവിടെയായാലും ഇത് ഒരു ദുർഘടകാലമാണ്. നേരത്തെ പ്രവാസികൾ സാമ്പത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും പ്രയാസമനുഭവിക്കുന്നു. എല്ലായിടത്തും ഇത്തരം ഫീസുകൾ മാറ്റിവെച്ചിരിക്കുന്നു. അതിനാൽ ഗൾഫ് രാജ്യങ്ങളിലെ മാനജേമ്ന്റുകൾ ഫീസ് അടക്കാൻ ഇപ്പോൾ നിർബന്ധിക്കരുതെന്നും അത് നീട്ടിവെയ്ക്കണമെന്നും അഭ്യർഥിക്കുകയാണ്.

പ്രവാസികളുടെ ക്വാറന്റൈയ്ൻ സംവിധാനം ഉറപ്പാക്കൽ പ്രധാന ആവശ്യമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഓരോ രാജ്യത്തും അവിടെയുള്ള സംഘടനകൾ ചേർന്ന് ക്വാറന്റയ്ൻ സംവിധാനത്തിനായി പ്രത്യേക കെട്ടിടങ്ങൾ ഏർപ്പാട് ചെയ്യണം. അത് പരിശോധിക്കണമെന്ന് നിർദേശം നൽകി. കോവിഡ് സംശയിക്കപ്പെടുന്ന നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്ന സ്ത്രീകൾക്കും സുരക്ഷ അടക്കം മുൻനിർത്തിയുള്ള ക്വാറന്റയ്ൻ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തകർ അതും പരിഗണിക്കാമെന്ന് ഉറപ്പുനൽകി. രാജ്യത്തിന്റെ ഇടപെടലിനായി വിദേശകാര്യ മന്ത്രി ജയശങ്കറിനെ കത്ത് മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ വിഷയങ്ങൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version