കോവിഡ് നിരീക്ഷണത്തിൽ നിന്നും പുറത്തുചാടി റെയിൽവേ ട്രാക്കിലൂടെ നടന്ന് ആലപ്പുഴയിലെത്തി; 29 മണിക്കൂറിലധികം നടന്നെത്തിയ തിരൂരങ്ങാടി സ്വദേശി പോലീസ് പിടിയിൽ

അമ്പലപ്പുഴ: കോവിഡ് 19 നിരീക്ഷണത്തിൽ കഴിയവെ കേന്ദ്രത്തിൽ നിന്ന് പുറത്തുചാടി തീവണ്ടിപ്പാളത്തിലൂടെ 29 മണിക്കൂറിലധികം നടന്നെത്തിയ യുവാവിനെ പോലീസ് പിടികൂടി ഐസൊലേഷനിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30കാരനെ ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് ആലപ്പുഴ വരെ ഇയാൾ നടന്നെത്തിയത്. ഇതിനിടെ കൊല്ലത്ത് വെച്ച് ആരോഗ്യപ്രവർത്തകർ പിടികൂടി ഇയാളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇയാൾ കടന്നു കഴിയുകയായിരുന്നു.

നിരീക്ഷണത്തിൽനിന്ന് കടന്നതിന് ഇയാൾക്കെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് അമ്പലപ്പുഴയ്ക്കടുത്ത് കരുമാടിയിൽവച്ച് ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്. തിരുവനന്തപുരത്ത് ജോലി തേടിപ്പോയതാണന്നും ജോലി കിട്ടാഞ്ഞതിനാൽ കൊല്ലത്തെത്തിയെന്നും ഇയാൾ പോലീസിനെ അറിയിച്ചു.

കൊല്ലത്തുവെച്ച് ആരോഗ്യപ്രവർത്തകർ ഇദ്ദേഹത്തെ കിളികൊല്ലൂരിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്. അവിടെനിന്ന് ആരുമറിയാതെ ഇയാൾ വെള്ളിയാഴ്ച പകൽ പന്ത്രണ്ടോടെ പുറത്തുകടക്കുകയും, പിന്നീട് തീവണ്ടിപ്പാളത്തിലൂടെ നടന്ന് അമ്പലപ്പുഴയെത്തുകയുമായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് ആരോഗ്യ പ്രവർത്തകരെത്തിയാണ് ഇയാളെ 108 ആംബുലൻസിൽ കൊണ്ടുപോയി ആശുപത്രിയിൽ എത്തിച്ചത്.

Exit mobile version