ഭര്‍ത്താവ് ലോക് ഡൗണ്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്നു, വണ്ടി നമ്പര്‍ സഹിതം പോലീസിനെ അറിയിച്ച് ഭാര്യ, അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കേണ്ടി വരുമെന്ന് മറുപടി

മൂവാറ്റുപുഴ; അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചുപറയുകയാണ്. അതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്ന ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചു. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ ഭര്‍ത്താവിന്റെ വണ്ടി നമ്പര്‍ സഹിതം ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദിവസവും ഭര്‍ത്താവ് വണ്ടിയുമെടുത്ത് പുറത്തുപോകാറുണ്ടായിരുന്നു. മാതാപിതാക്കളെ കാണാനും സുഖവിവരങ്ങള്‍ അന്വേഷിക്കാനുമാണ് താന്‍ പോകുന്നതെന്ന് ഇയാള്‍ ഭാര്യയോട് പറയാറുമുണ്ട്. നിയമംലംഘിച്ച് ഭര്‍ത്താവ് ദിവസവും പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒടുവില്‍ ആരാണെന്ന് പറയാതെ ഫോണ്‍ ചെയ്ത് പരാതി നല്‍കുകയും ചെയ്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരാള്‍ ദിവസവും വണ്ടിയില്‍ കറങ്ങി നടക്കാറുണ്ടെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. ഒപ്പം ഭര്‍ത്താവിന്റെ വണ്ടിയുടെ നമ്പര്‍ സഹിതം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വിശദമായി ചോദിച്ചപ്പോള്‍ പരാതിക്കാരി ഭാര്യ തന്നെയാണെന്നു പോലീസിനു മനസ്സിലായി.

പോലീസ് ഭാര്യയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതി പിന്‍വലിക്കാന്‍ അവര്‍ തയാറായില്ല. ‘മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ’ എന്നായിരുന്നു പോലീസിനോടു ഭാര്യ പറഞ്ഞത്. എന്തായാലും ഭര്‍ത്താവിനോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.

Exit mobile version