നന്ദി, മമ്മൂക്ക..; ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഡി

ന്യൂഡല്‍ഹി: ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണ നല്‍കിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി മമ്മൂട്ടിക്ക് നന്ദി അറിയിച്ചത്. കഴിഞ്ഞദിവസമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണ അറിയിച്ചത്.

‘നന്ദി, മമ്മൂക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത്’- എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മമ്മൂട്ടിയുടെ ഒരു വീഡിയോയും മോഡി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാ പിന്തുണകളും ആശംസകളും നേരുന്നു എന്നാണ് മമ്മൂട്ടി അറിയിച്ചത്.

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ബാധിച്ച ഇരുട്ടായ കൊറോണ വൈറസിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് എല്ലാരും വീടുകളില്‍ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

Exit mobile version