ബിവറേജ് പൂട്ടാത്തതിന് എതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് കള്ള വാറ്റ് നിര്‍മ്മിക്കുന്നതിനിടെ അറസ്റ്റില്‍; കൂട്ടാളിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിടിയില്‍; പ്രതികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ്

പത്തനംതിട്ട: ലോക്ക് ഡൗണിനിടെ മദ്യവില്‍പ്പന നടത്തിയതിന് ബിജെപി നേതാവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും അറസ്റ്റില്‍. ബിജെപി ഇരവിപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി ഈസ്റ്റ് ഓതറ വേട്ടക്കുന്നേല്‍ സുനില്‍ (37), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെങ്ങന്നൂര്‍ പുത്തന്‍കാവ് കൊച്ചുപ്ലാം മോടിയില്‍ ഗോപു(21) എന്നിവരെയാണ് മദ്യ വില്‍പ്പന നടത്തുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് പത്തനംതിട്ട എസ്പി കെജി സൈമണ്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് നാലര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ചെങ്ങന്നൂരിലെ ബാറില്‍ നിന്ന് ഇവര്‍ക്ക് മദ്യം വാങ്ങി നല്‍കിയ സുബിന്‍ എന്നയാളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

ബാര്‍ ജീവനക്കാരുമായി ചേര്‍ന്നാണ് ഇവര്‍ മദ്യം കടത്തിയിരുന്നത്. കോണ്‍ഗ്രസിന്റെ നേതാവ് ബാറില്‍ നിന്ന് എടുത്തു കൊടുക്കുന്ന മദ്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രാദേശിക ബിജെപി നേതാവിന് നല്‍കും. ഇയാളാണ് നാട്ടില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.

മുഖ്യസൂത്രധാരന്‍ ചെങ്ങന്നൂരിലെ ധനകാര്യ സ്ഥാപന നടത്തിപ്പുകാരന്‍ ആണെന്ന വിവരത്തില്‍ പോലീസ് ഇയാള്‍ക്കെതിരെയും കേസ് എടുത്തു. ഇയാള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ചത് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയാണ്. പ്രതികള്‍ക്ക് എതിരേ നിസാര വകുപ്പിട്ട് കേസ് എടുക്കാന്‍ വേണ്ടി ശക്തമായ സമ്മര്‍ദമാണ് പോലീസിനു മേല്‍ ഉണ്ടായിരിക്കുന്നത്. കല്ലിശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണ്ണ്-മണല്‍ മാഫിയകളാണ് ഇപ്പോള്‍ മദ്യക്കച്ചവടത്തിന് പിന്നിലുള്ളത്.

അതെസമയം പ്രതികള്‍ കള്ളവാറ്റ് നിര്‍മ്മിക്കുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ചാണ് കള്ളവാറ്റ് നിര്‍മ്മാണം എന്നാണ് പോലീസ് പറയുന്നത്.

Exit mobile version