സംസ്ഥാനത്തിന് ഇന്ന് ആശ്വാസം; ഇന്ന് 14 പേര്‍ക്ക് രോഗം ഭേദമായി; സുഖം പ്രാപിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകയും; ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; കൊവിഡ് ഭീതിയില്‍ നിന്ന സംസ്ഥാനത്തിന് ഇന്ന് ആശ്വാസകരമായ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് 14 പേര്‍ കൊവിഡ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കണ്ണൂരില്‍ ചികിത്സയിലിരുന്ന അഞ്ച് പേരും കാസര്‍ഗോഡ് മൂന്നുപേരും ഇടുക്കിയിലും കോഴിക്കോടും രണ്ട് പേര്‍ വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കൊവിഡ് ബാധിതരെ ചികിത്സിച്ചപ്പോള്‍ വൈറസ് ബാധിച്ച നഴ്സാണ് രോഗം ഭേദമായവരില്‍ ഒരാള്‍. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൂടാതെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും വീട്ടിലേക്ക് മടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്സായിരുന്നു രേഷ്മ. അതെസമയം സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 251 പേരാണ്.

Exit mobile version