കര്‍ണാടകയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി; കേരള- കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച കര്‍ണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല. കാസര്‍കോട്ട് നിന്നുള്ള രോഗികളെ മംഗലാപുരത്തേയ്ക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ കര്‍ണാടക അതിര്‍ത്തി തുറന്ന് കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്.

കാസര്‍കോട്ടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ സുപ്രീംകോടതി ചൊവ്വാഴ്ച അന്തിമവിധി പറയും.

രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഈ ഉത്തരവ്. അതേസമയം, ചരക്കു നീക്കത്തിന് ബാധകമല്ല, മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ല. വീഡിയോ കോണ്‍ഫന്‍സിംഗ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിച്ചത്. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

Exit mobile version