പ്രവാസികളുടേയും നഴ്‌സുമാരുടേയും അതിഥി തൊഴിലാളികളുടേയും പ്രശ്‌നങ്ങളിൽ ഇടപെടണം; പ്രധാനമന്ത്രിയോട് ആവശ്യവുമായി മുഖ്യമന്ത്രി

ചരക്കുനീക്കം തടയരുത്; പ്രവാസികളുടേയും നഴ്‌സുമാരുടേയും അതിഥി തൊഴിലാളികളുടേയും പ്രശ്‌നങ്ങളിൽ ഇടപെടണം; റാപ്പിഡ് ടെസ്റ്റ് കിറ്റ് എത്തിക്കണം; പ്രധാനമന്ത്രിയോട് ആവശ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൊറോണയുടെ പശ്ചാത്തലത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആശങ്കകളാണ് ചർച്ചയിൽ വിഷയമായത്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശം അറിയിച്ചു.

കൂടാതെ, പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും കൊറോണ അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കണമെന്നതും ഉൾപ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങൾ:

പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവൺമെൻറ് ഇടപെടണം.

രോഗസാധ്യത സംശയിക്കുന്നവർക്ക് ക്വാറൻറൈൻ കേന്ദ്രങ്ങൾ അതത് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ഒരുക്കണം.

ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.

കൊറോണ അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കണം.

സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതിൽ പക്ഷപാത നിലപാടുകൾ ഉണ്ടാകാൻ പാടില്ല.

ലോക്ക്ഡൗൺ പിൻവലിക്കുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കണം.

കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങൾക്കും നടപടിക്രമങ്ങൾക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നൽകണം. കൂടുതൽ ടെസ്റ്റിങ് സെൻററുകൾക്ക് അനുവാദം വേണം

കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്ന സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകൾ ഹോങ്കോങ്ങിൽനിന്ന് ദൈനംദിനം വിമാനമാർഗം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചു.

കോവിഡ് പ്രത്യേക ആശുപത്രികൾ തുടങ്ങാൻ വലിയ മൂലധനം ആവശ്യമായി വരുന്നു. അതിനുള്ള തുക ദുരന്ത നിവാരണ നിധിയിൽ നിന്ന് ഉപയോഗിക്കാൻ അനുവാദം നൽകണം.

സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണം.

Exit mobile version