സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍; വിതരണം ചെയ്യുന്നത് 17 വിഭവങ്ങളടങ്ങിയ കിറ്റ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കും. സപ്ലൈകോ സിഎംഡി പിഎം അലി അസ്ഗര്‍ പാഷയാണ് ഈ കാര്യം അറിയിച്ചത്. റേഷന്‍ കാര്‍ഡുടമകള്‍ക്ക് 17 തരം വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് ലഭിക്കുക. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനായുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്. ആയിരം രൂപ വില വരുന്ന വിഭവങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്.

സൗജന്യ ഭക്ഷ്യ വിഭവ കിറ്റിലെ വിഭവങ്ങള്‍ ഇതൊക്കെയാണ്, പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞള്‍പ്പൊടി ( 100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം), സണ്‍ ഫ്‌ളവര്‍ ഓയില്‍ ( ഒരു ലിറ്റര്‍), ഉഴുന്ന് ( ഒരു കിലോ).

കൊവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ദിവസ വേതനക്കാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് ആരും ഭക്ഷണമില്ലാതെ കഷ്ടപ്പെടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സിഎംഡി അറിയിച്ചു. 1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ 350 കോടിരൂപ സിഎംഡിആര്‍എഫില്‍ നിന്നും ആദ്യ ഗഡുവായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version