കണ്ണില്‍ ചോരയില്ലാതെ കര്‍ണാടകം; ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

മഞ്ചേശ്വരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി (49) ശേഖര്‍ ആണ് മരിച്ചത്. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ. അതിര്‍ത്തി അടച്ചതോടെ മംഗളൂരുവിലെക്ക് കടക്കാന്‍ കഴിയാതെ വന്നതോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ മംഗലാപുരത്ത് പോയി ചികിത്സ തേടാന്‍ കഴിയാതെ കാസര്‍കോട് രണ്ട് പേര് മരിച്ചിരുന്നു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും.

മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം. ആയിഷയുടെ നില അതീവ ഗുരുതരമായതിനാല്‍ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആയിഷയെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ
ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയില്‍ വച്ചാണ് മരണം സംഭവിച്ചത്.

Exit mobile version