പറഞ്ഞത് തെറ്റായിപ്പോയി, ക്ഷമിക്കണം; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന തിരുത്തി രാജസേനന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തമ്പടിച്ച അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന തിരുത്തി സംവിധായകന്‍ രാജസേനന്‍. തൊഴിലാളികള്‍ നാടിന് ആപത്താണെന്നും ഇവരെ നാടുകടത്തണമെന്നുമായിരുന്നു രാജസേനന്റെ പരാമര്‍ശം. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ രാജസേനന്‍ പ്രസ്താവന തിരുത്തുകയായിരുന്നു.

ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനന്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ വിശദമാക്കുന്നു. തെറ്റിധാരണ പരത്തിയതില്‍ ക്ഷമാപണവും നടത്തുന്നുമുണ്ട് അദ്ദേഹം. പ്രസ്താവന വിവാദമാകുകയും സിനിമാ പ്രവര്‍ത്തകര്‍ അടക്കം രാജസേനനെതിരെ വരികയും ചെയ്തതോടെയാണ് തിരുത്തുമായി സംവിധായകന്‍ വീണ്ടുമെത്തുന്നത്.

രാജസേനന്‍ ആദ്യ വീഡിയോയില്‍ പറഞ്ഞത് ഇപ്രകാരം;

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ പെട്ടന്ന് ചില ചാനലുകള്‍ ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിന്റെ അര്‍ഥം അവിചാരിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോടെ വൃതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങള്‍. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്. ഒരു പത്തുവര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ. അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് പല വേദികളിലും ഇതിനു മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം. ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

Exit mobile version