ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാര്‍, ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല, കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയാണ്; രൂക്ഷ വിമര്‍ശനവുമായി രാജസേനന്‍

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് ‘വാരിയംകുന്നന്‍’ . സിനിമ പ്രഖ്യാപിച്ചതു മുതല്‍ പല ഭാഗങ്ങളില്‍ നിന്നായി ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചതുമുതല്‍ വലിയ സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നത്.

ഇപ്പോഴിതാ പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളാണെന്നും വാരിയം കുന്നന്‍ സിനിമയുമായി ഇവര്‍ മുന്നോട്ട് വന്നാല്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും രാജസേനന്‍ ആരോപിച്ചു.

രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ

‘കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ആഷിഖ് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്മ്യൂണിസ്റ്റാകാരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം ഉണ്ടാകില്ല’. അവര്‍ക്ക് എന്നും ജനങ്ങള്‍ പട്ടിണിയിലും വിദ്യഭ്യാസം ഇല്ലാതെയും ബുദ്ധി വികാസം ഇല്ലാതെയും ജിവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളരുന്നിടത്ത് കമ്മ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ പൃഥ്വിരാജും ആഷിഖ് അബുവും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കമ്മ്യൂണിസ്റ്റുകാര്‍ ടിവിയിലൊക്കെയിരുന്ന് സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലേ.

ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കൊവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിമാനം ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് കണ്ടതാണ്. ഇത്തരം കാരണങ്ങള്‍കൊണ്ടാണ് ഈ സിനിമയും അവര്‍ വളച്ചൊടിക്കുമെന്ന് പറഞ്ഞത്. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളത് പോലെ തന്നെ നമുക്കിതനെ വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ട്.

Exit mobile version