‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ

മലയാള സിനിമാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറുകയാണ് ആടുജീവിതം സിനിമ. 16 വർഷത്തെ കാത്തിരിപ്പിനും പ്രയത്‌നത്തിനും ഒടുവിൽ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷകപിന്തുണയോടെ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ചിത്രം മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. കേരളത്തിന് പുറത്തും സിനിമയ്ക്ക് മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. മാർച്ച് 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.

സിനിമയുടെ വിജയത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആടുജീവിതത്തിന്റെ റിലീസിന് മുമ്പെ ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകളാണ്. ആടുജീവിതത്തിലെ നജീബായി വേഷമിടാൻ ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ അത് പൃഥ്വിരാജ് മാത്രമാണെന്നാണ് ഫഹദിന്റെ വാക്കുകൾ.

ALSO READ- റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവിനെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു; യുദ്ധത്തിൽ പരിക്കേറ്റ ഡേവിഡിനെ രണ്ട് ദിവസം കഴിഞ്ഞ് കേരളത്തിലെത്തിക്കുമെന്ന് സിബിഐ

പൃഥ്വിരാജിന്റെ ഫാൻ മീറ്റിലായിരുന്നു ഫഹദിന്റെ പ്രശംസ. ‘ആടുജീവിതത്തിലെ നജീബായി വേഷമിടാൻ ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്. അതിന് നന്ദിയുണ്ട്. ഇത് എന്റേതായി എനിക്ക് തോന്നുന്നു. ഞാൻ നായകനായി എത്തുന്ന ഒരു സിനിമയുടെ റിലീസിനു മുന്നേയുണ്ടാകുന്ന ഒരു ആവേശമാണ് എനിക്ക്’- ഫഹദ് ഫാസിൽ പറഞ്ഞു.


അതേസമയം, ചിത്രം റിലീസായതിന് പിന്നാലെ പലരും പൃഥ്വിരാജിന് പകരം ഫഹദ് ഫാസില് ഈ വേഷം ചെയ്തിരുന്നെങ്കിൽ കൂടുതൽ മികച്ചതായേനെ എന്ന് സോഷ്യൽമീഡിയയിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ വായടപ്പിക്കുന്നതാണ് ഫഹദിന്റെ പ്രതികരണം. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെതെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ഒരേ സ്വരത്തിൽ പറയുന്നത്.

Exit mobile version