അച്ഛൻ മരിച്ചതിന്റെ ദുഃഖം തീരും മുമ്പെ മരണം ഇരട്ട സഹോദരങ്ങളേയും തട്ടിയെടുത്തു; നവവരനായ അരുണിന്റേയും അഖിലിന്റേയും വേർപാടിൽ നെഞ്ചുതകർന്ന് ഈ നാട്

കായംകുളം: അച്ഛൻ മരിച്ച ദുഃഖത്തിൽ നിന്നും കുടുംബം മുക്തരാകും മുമ്പ് ഇരട്ട സഹോദരങ്ങളെയും തട്ടിയെടുത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് മരണമെന്ന വിധി. മുതുകുളം ഗ്രാമത്തിലെ ഇരട്ട സഹോദരന്മാരായ അഖിൽ(28), അരുൺ (28) എന്നിവരാണ് വെള്ളക്കെട്ടിലെ കുഴിയിൽ മുങ്ങി മരിച്ചത്. തെക്ക് പുത്തൻവീട്ടിൽ(വേലിയിൽ) പരേതനായ ഉദയനന്റെയും രമണിയുടേയും മക്കളാണ് അഖിലും അരുണും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഉച്ച കഴിഞ്ഞ് രണ്ടോടെ സഹോദരീ ഭർത്താവ് റെജിയോടൊപ്പം വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ കിടന്ന മരച്ചില്ലകൾ വാരി കരയിലേക്ക് നീക്കുന്നതിനിടെ അഖിൽ മണ്ണെടുത്ത കുഴിയിൽ താഴ്ന്നു പോവുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ചാടിയ അരുണും അപകടത്തിൽ പെടുകയായിരുന്നു.

ചാലിന് മറുകര നിന്ന റെജി കയറുമായി ഓടിയെത്തിയപ്പോഴേക്കും ഇരുവരും കയത്തിൽ താഴ്ന്നു പോയിരുന്നു. ഓടിക്കൂടിയ സമീപവാസികൾ ഇരുവരേയും മുങ്ങിയെടുത്ത് ഉടൻ തന്നെ മുതുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാർ റിവുലറ്റ് റിസോർട്ടിലെ സെയിൽസ് മാനേജരായിരുന്നു അഖിൽ. എറണാകുളം ഹെവൻലി ഹോളിഡേയ്‌സിലെ റിസർവേഷൻ എക്‌സിക്യൂട്ടീവായിരുന്നു അരുൺ. ഈ മാസം 18നായിരുന്നു റിട്ട. സൈനികനായിരുന്ന ഇവരുടെ പിതാവ് ഉദയകുമാർ മരണപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഇരട്ടകളായ സഹോദരന്മാരും അകാലത്തിൽ പൊലിഞ്ഞത്.

അച്ഛന്റെ മരണമറിഞ്ഞ് ജോലി സ്ഥലത്തുനിന്നും നാട്ടിലെത്തിയ അഖിലും അരുണും ലോക്ക് ഡൗണായതിനാൽ തിരികെ പോകാനാകാതെ വീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 22നായിരുന്നു അരുണിന്റെ വിവാഹം. ഭാര്യ: വിനീത. സഹോദരി: അഞ്ജന. കനകക്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇരുവരുടെയും ഭൗതിക ശരീരങ്ങൾ ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Exit mobile version