കേരളത്തില്‍ ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കും

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരും ഭക്ഷണമില്ലാതെ പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ പരിശോധിച്ചതിനു ശേഷമാവും റേഷന്‍ ധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക. ആധാര്‍ നമ്പര്‍ പരിശോധിച്ച് മറ്റ് റേഷന്‍ കാര്‍ഡുകളില്‍ പേരില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കും. സൗജന്യ നിരക്കില്‍ തന്നെയാകും ഇതും വിതരണം ചെയ്യുക. ഇതിലൂടെ ഒരു പ്രദേശത്ത് വാടക വീടെടുത്ത് താമസിക്കുന്നവര്‍ക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്താനാണ് ഭക്ഷ്യവകുപ്പിന്റെ ഈ നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആര്‍ക്കും ഭക്ഷണമില്ലാത്ത സാഹചര്യമുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അത് ഇന്നുതന്നെ പ്രാവര്‍ത്തികമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version