നിര്‍ദേശങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നു:പാലക്കാട് കൊവിഡ് രോഗിക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിക്കെതിരെ കേസ് എടുത്തു. കൊവിഡ് നിര്‍ദേശങ്ങള്‍ മറികടന്ന് നിരീക്ഷണത്തില്‍ കഴിയാതെ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ ആയത് മാര്ച്ച് 21നാണ്.

നാട്ടിലെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തിലായത്. ഇതിന് ഇടയില്‍ ഇയാള്‍ സഞ്ചരിക്കാത്ത സ്ഥലമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ രണ്ട് ജുമാനമസ്‌കാരത്തില്‍ പങ്കെടുക്കുകയും രണ്ട് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഏഴ് അംഗങ്ങളുള്ള വലിയ കുടുംബമാണ് ഇദ്ദേഹത്തിന്റെത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുടുംബത്തിലുള്ളവരുടെയും സാംപിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ ഇയാളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ഇയാള്‍ ദീര്‍ഘ ദൂര ബസ്സുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്. മാര്‍ച്ച് 17ന് ഇദ്ദേഹം മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കും മാര്‍ച്ച് 18ന് പാലക്കാട്-തിരുവനന്തപുരം റൂട്ടിലും ഡ്യൂട്ടിയെടുത്തു. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതെസമയം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

Exit mobile version