‘അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹിക വ്യാപനമെന്ന കടമ്പ കടക്കാനുള്ള കഠിന പരിശ്രമങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. ഇതുവരെ അതില്‍ വിജയിച്ച് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ പ്രശംസിച്ചത്.

തികഞ്ഞ സമചിത്തതയോടെയാണ് മുഖ്യമന്ത്രി പ്രതിസന്ധികളെ നേരിട്ടതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ മുഖ്യമന്ത്രി കാണിക്കുന്ന പാടവം വളരെയേറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഇതിനൊക്കെ പുറമെ അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നുവെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോള്‍ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പില്‍ നിന്ന് ,തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയില്‍ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്

പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ. ഇതുപോലെ എത്രയെത്ര സഹായങ്ങള്‍.കൈത്താങ്ങുകള്‍.ആദരണീയനായ മുഖ്യമന്ത്രീ ,അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും .ഹൃദയാഭിവാദനങ്ങള്‍.

Exit mobile version