ആരോഗ്യ പ്രവർത്തകയ്ക്കും കൊറോണ സ്ഥിരീകരിച്ചു; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടുന്ന വാർത്തയും പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആരോഗ്യപ്രവർത്തകയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 105 ആയി. 72460 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമാണ് .ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിൽ ഇതാദ്യമായാണെങ്കിലും അതിന്റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ കർശന നടപടിയാണ് കാത്തിരിക്കുന്നത്. പോലീസ് നടപടി ശക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ചുമതലപ്പെടുത്തി.

ടാക്‌സികൾ ഓട്ടോ എന്നിവ അടിയന്തരസാഹചര്യത്തിൽ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ മുതിർന്ന ഒരാൾ മാത്രമേ വരാൻ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുഹൃത്തുകളുടെ വീട്ടിൽ പോകുക, ക്ലബിൽ പോകുക, വായനശാലയിൽ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Exit mobile version