നയം മാറ്റിപ്പിടിച്ച് പോലീസും സർക്കാരും; പുതിയ രോഗികളിൽ 19 പേരും കാസർകോട്ട്; ജനങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കനത്ത പിഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ച 28 കൊറോണ കേസുകളിൽ 19 എണ്ണവും കാസർകോട് ജില്ലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടുതൽ കൊറോണ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതോടെ കാസർകോട്ട് ജില്ലയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കാൻ പാടില്ല. നിർദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇവരിൽ നിന്ന് കനത്ത തുക പിഴയായി ഈടാക്കും.

അതേസമയം ജില്ലയിലെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് കർശന നിരീക്ഷണം നടത്തും. ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുമണിവരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളുവെന്നും സർക്കാർ നിർദേശിക്കുന്നു. നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

സംസ്ഥാനത്ത് ഇന്ന് 28 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 19 കേസുകൾ കാസർകോട്ടാണ്. അഞ്ചെണ്ണം കണ്ണൂർ, എറണാകുളത്ത് രണ്ട്, പത്തനംതിട്ടയിലും തൃശ്ശൂരും ഓരോ കേസുകൾ വീതം എന്നിങ്ങനെയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ 25 പേരും ഗൾഫ് നാടുകളിൽ നിന്നെത്തിയവരാണ്. കൊറോണ കേസുകൾ കൂടിയതിനാൽ നിരീക്ഷണത്തിലുള്ളവർ ഒരുകാരണവശാലും നിർദേശങ്ങൾ ലംഘിച്ച് ഇറങ്ങി നടക്കാൻ പാടില്ല. നിരീക്ഷണത്തിലുള്ളവരുടെ വിശദാംശങ്ങൾ അയൽക്കാർക്കും ലഭ്യമാക്കും. നിരീക്ഷണത്തിലുള്ളയാൾ ഇറങ്ങി നടന്നാൽ അറസ്റ്റുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

Exit mobile version