കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലകൾ അടിച്ചു തകർത്ത ഇയാൾ നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്.

നഴ്‌സുമാരെ ആക്രമിച്ച ഇയാൾ ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തി കൈലി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കൂടാതെ ഗ്രില്ലിലൂടെ ആരോഗ്യപ്രവർത്തകരിൽ ഒരാളുടെ കഴുത്തിൽ കുത്തിപ്പിടിക്കാനും ചെന്നു. അകത്തു കയറിയ നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാതിലിന്റെ ചില്ലുകൾ അടിച്ചുതകർത്തത്. ഇതിനെ തുടർന്ന് കൈ മുറിഞ്ഞെങ്കിലും ഡ്രസ് ചെയ്യാൻ സമ്മതിച്ചില്ല. എന്നാൽ പോലീസ് വന്നപ്പോൾ നല്ലരീതിയിൽ സംസാരിക്കുകയും ചെയ്തതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാൾ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാർ മറച്ചുവെയ്ക്കുകയായിരുന്നു എന്നാണ് സൂചന. ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ നഴ്‌സുമാരോട് ഇയാൾ വെള്ളവും ചായയും ആവശ്യപ്പെട്ടു. ഇവർ ഇയാൾക്ക് വെള്ളം നൽകി. ഇയാളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ ചായ എത്തിക്കാമെന്നും പറഞ്ഞു. എന്നാൽ വീട്ടിൽനിന്ന് ആരും എത്തിയില്ല. തുടർന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് ആരോഗ്യപ്രവർത്തകർ ഇയാളോടു പറഞ്ഞു. എന്നാൽ ഇതിനു പിന്നാലെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു.

നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് ഇയാൾക്ക് മെന്റൽ ഡിപ്രഷൻ ഉള്ളപോലെ തോന്നിയിരുന്നെങ്കിലും പോലീസ് എത്തിയപ്പോൾ വളരെ സമാധാനപൂർണമായാണ് സംസാരിച്ചതെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു

Exit mobile version