കൊവിഡ് 19; കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ച കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആളുകള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് കളക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ബസുകളില്‍ ഒരു സീറ്റില്‍ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കുമെന്നും അത്തരം കടകള്‍ അടയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം എണ്ണായിരത്തിലേറെ പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം പതിനഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 64 ആയി. ഇതുവരെ സംസ്ഥാനത്തെ 11 ജില്ലകളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version