‘വാനില്‍ ഉണ്ടായ ഉപദ്രവത്തേക്കാള്‍ വലിയ പീഡനമാണ് വിചാരണകളില്‍ അവള്‍ അനുഭവിക്കുന്നത്, എന്റെ മകളെ ഇനിയും പീഡിപ്പിക്കരുതേ…!’ നിറകണ്ണുകളോടെ അപേക്ഷയുമായി പിതാവ്

കൊച്ചി നഗരത്തിലെ സ്‌കൂളിലേക്കു വാനില്‍ പോയ പെണ്‍കുട്ടിക്കു ഡ്രൈവറില്‍നിന്നു പീഡനം നേരിട്ടെന്നാണു പരാതി.

കൊച്ചി: പീഡിപ്പിക്കപ്പെട്ട മകളുടെ നിലവിലെ അവസ്ഥയില്‍ മനംനൊന്ത് അപേക്ഷയുമായി പിതാവ് രംഗത്ത്. അന്ന് ഉണ്ടായ പീഡനത്തേക്കാള്‍ വലുതാണ് ഇന്ന് അവള്‍ അനുഭവിക്കുന്നത്. ഇനിയും പീഡിപ്പിക്കരുതെന്ന് നിറകണ്ണുകളോടെ പിതാവ് പറയുന്നു. എറണാകുളത്ത് ഒക്ടോബര്‍ 11നു സ്‌കൂള്‍ വാനില്‍ ഡ്രൈവറുടെ പീഡനത്തിന് ഇരയായെന്നു പരാതി നല്‍കിയ ആറാം ക്ലാസുകാരിയുടെ പിതാവാണ് അപേക്ഷയുമായി വന്നിരിക്കുന്നത്.

‘വാനില്‍ ഉണ്ടായ ഉപദ്രവത്തെക്കാള്‍ വലിയ വിഷമമാണു കേസ് എടുത്തതിനുശേഷം നടന്ന വിചാരണകളില്‍ എന്റെ മകള്‍ അനുഭവിക്കുന്നത്.’ പിതാവ് പറയുന്നു. യഥാര്‍ത്ഥ പീഡനത്തെക്കാള്‍ വലിയ ആഘാതമാണ് അതു സംബന്ധിച്ച തുടര്‍ വിചാരണകളില്‍ നേരിടേണ്ടി വരുന്നതെന്നു പല കേസുകളിലും ഇരകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ നടപടിയാണ് ഇന്നും തുടരുന്നത്. നീതി ലഭിക്കാന്‍ ആണെങ്കിലും പിച്ചി ചീന്തുന്നത് അസഹനീയമെന്ന് പിതാവ് പറയുന്നു.

കൊച്ചി നഗരത്തിലെ സ്‌കൂളിലേക്കു വാനില്‍ പോയ പെണ്‍കുട്ടിക്കു ഡ്രൈവറില്‍നിന്നു പീഡനം നേരിട്ടെന്നാണു പരാതി. ടീച്ചറെയാണ് ആദ്യം വിവരം അറിയിച്ചത്. സഹപാഠികള്‍ സംഭവത്തിനു ദൃക്‌സാക്ഷികള്‍ ആയിരുന്നു. ആദ്യ ‘മൊഴിയെടുക്കല്‍’ സ്‌കൂളില്‍ത്തന്നെ നടന്നു. പോലീസ് സ്റ്റേഷനിലായിരുന്നു അടുത്ത വിചാരണ. വള്ളിപുള്ളി വിടാതെ കുട്ടിക്ക് അവിടെ വീണ്ടും സംഭവം വിവരിക്കേണ്ടി വന്നു. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയായിരുന്നു അടുത്തഘട്ടം. അവിടെ ഡോക്ടറോടും എല്ലാം വിവരിച്ചു പറയേണ്ടി വന്നു.

മജിസ്‌ട്രേറ്റിനടുത്തുള്ള മൊഴിയെടുക്കലായി പിന്നീട്. അവിടെയും കുട്ടിക്കു സംഭവം വിവരിക്കേണ്ടി വന്നു. ഓരോ തവണ മൊഴി എടുക്കുമ്പോഴും മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവങ്ങള്‍ കൂടുതല്‍ തെളിമയോടെ വീണ്ടും ബോധത്തിലേക്ക്. അടുത്ത ഘട്ടത്തില്‍ കുട്ടി കൗണ്‍സലിങ്ങിനു നിയോഗിക്കപ്പെട്ടു. വീണ്ടും സമാന അനുഭവങ്ങളിലൂടെത്തന്നെ കുട്ടി കടന്നുപോയി. കൗണ്‍സലിങ്ങിന്റെ ആദ്യ ദിനം കഴിഞ്ഞപ്പോള്‍ ‘ഇനി ഞങ്ങള്‍ വരില്ല’ എന്നു പിതാവു പറഞ്ഞെങ്കിലും ‘കൗണ്‍സലിങ്ങ് പൂര്‍ത്തിയാക്കണമെന്നാണു നിയമമെന്ന്’ അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെ കഴിഞ്ഞ ദിവസവും കൗണ്‍സലിങ്ങിനു പോയി. ‘ഇനിയും ചെല്ലണമെന്നാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്’ പിതാവു പറയുന്നു. പരാതി കൊടുത്തതിന്റെ പേരില്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണു കുടുംബം. കൂലിവേലക്കാരനാണ് പിതാവ്. ഇതിനിടെ, കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദവുമുണ്ട്.

Exit mobile version