ആരോഗ്യ പ്രവർത്തകർ ക്ഷേമം അന്വേഷിക്കാനെത്തിയപ്പോൾ ക്വാറന്റൈൻ ചെയ്ത ആളെ കാണാനില്ല; ഫോണിൽ വിളിച്ചപ്പോൾ പച്ചത്തെറിയും ധിക്കാരവും; കേസെടുത്ത് എട്ടിന്റെ പണികൊടുത്ത് കോട്ടയം പോലീസ്

കോട്ടയം: വീട്ടുനിരീക്ഷണത്തിലാക്കുകയും പിന്നീട് അന്വേഷിച്ച് എത്തിയപ്പോൾ ധിക്കാരപരമായി പെരുമാറുകയും ചെയ്ത ആൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയത്താണ് സംഭവം. ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം നാട്ടിൽ കറങ്ങി നടന്ന കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെയാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ ധിക്കരിച്ച് ഇയാൾ വീട്ടുനിരീക്ഷണത്തിൽ നിന്നും ചാടിപ്പോവുകയായിരുന്നു.

ഇയാൾ കഴിഞ്ഞ 14 നാണ് വിദേശത്ത് നിന്നും എത്തിയത്. മെഡിക്കൽ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് പ്രത്യേകം നിർദേശിച്ചാണ് ക്വാറന്റൈൻ നിർദേശിച്ചത്. പിന്നീട് നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി ഭവന സന്ദർശനം നടത്തി വരവെ ഇയാൾ വീട്ടിൽ ഇല്ലെന്നു മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇതിന്‌ടെ, വയനാട്ടിലും സമാനമായ രീതിയിൽ വിദേശത്തുനിന്നെത്തി വീട്ടുനിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്ന രണ്ടു പ്രവാസികളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ലംഘിച്ച രണ്ടു പേരാണ് അറസ്റ്റിലായത്. മുട്ടിൽ സ്വദേശികളായ പ്രവാസികളെയാണു കൽപറ്റ പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ ഇരുവരും നിരീക്ഷണ കാലയളവിൽ പുറത്തു സഞ്ചരിച്ചതിലാണു നടപടി. പ്രതികളെ പിന്നീടു സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. തുടർന്നും വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശവും നൽകിയിട്ടുണ്ട്.

Exit mobile version