മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ഇടങ്ങൾ പൊതുജനങ്ങളെ അറിയിക്കണം; ലഭ്യത ഉറപ്പുവരുത്തണം: സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധം വിലയിരുത്തിയും നിർദേശങ്ങൾ മുന്നോട്ടുവെച്ചും ഹൈക്കോടത്. രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷക സംഘടന നൽകിയ ഹർജിയിലാണ് കോടതി നിർദേശം.

സംസ്ഥാന സർക്കാർ മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെ ഒക്കെ ലഭ്യമാകുമെന്ന് പൊതുജനങ്ങളെ അറിയിക്കണം. മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കുന്നത് തടയാൻ പരിശോധന കർശനമാക്കണമെന്നും നിർദേശിച്ച ഹൈക്കോടതി, കോവിഡ് പടരാതിരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഉത്തരവിട്ടു.

നിലവിൽ ആളുകൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണമെന്ന് ഉത്തരവിടാൻ ആകില്ല. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ കണക്കിലെടുത്തു സംസ്ഥാന സർക്കാർ തീരുമാനം എടുക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

Exit mobile version