ചിറ്റാറിൽ യുവാക്കൾ സ്ഥാപിച്ച കൈ കഴുകാനുള്ള വാഷിങ് പോയിന്റ് രാത്രി അജ്ഞാതർ തകർത്തു

ചിറ്റാർ: കേരളം കൊറോണയ്‌ക്കെതിരെ ജനങ്ങളും ആരോഗ്യ പ്രവർത്തകരും സർക്കാരും വൻപ്രതിരോധം തീർക്കുമ്പോൾ അതിനെ അട്ടിമറിക്കുന്ന ശ്രമങ്ങളുമായി സാമൂഹ്യവിരുദ്ധരും രംഗത്ത്. സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച കൊറോണ കാലത്ത് ശുചിത്വം ഉറപ്പുവരുത്താനുള്ള ചലഞ്ചായ ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്ത് യുവാക്കൾ സ്ഥാപിച്ച ഹാന്റ് വാഷിങ് പോയിന്റ് അജ്ഞാതർ തകർത്തത് വലിയ പ്രതിഷേധത്തിന് ഇടയായിരിക്കുകയാണ്. ചിറ്റാറിൽ കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥാപിച്ച കൈകഴുകാനുള്ള പോയിന്റാണ് തകർത്തിരിക്കുന്നത്. ടാങ്കിൽ വെച്ചിരിക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് ടാങ്ക് ഉൾപ്പടെയുള്ളവ തല്ലി നശിപ്പിച്ചാണ് അജ്ഞാതർ ക്രൂരത കാണിച്ചിരിക്കുന്നത്.

കൈകളിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കാനുള്ള കൈകഴുകൽ ചലഞ്ചായ ബ്രേക്ക് ദ ചെയിൻ ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ചത്. ഇത് ഏറ്റെടുത്താണ് ചിറ്റാറിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഹാന്റ് വാഷിങ് പോയിന്റ് സ്ഥാപിച്ചതും. ഇത് രാത്രിയുടെ മറവിൽ ആരോ നശിപ്പിച്ചുകളയുകയായിരുന്നു.

അതേസമയം, സാമൂഹ്യവിരുദ്ധർ ഹാന്റ് വാഷിങ് പോയിന്റ് നശിപ്പിച്ചതിനെതിരെ സോഷ്യൽമീഡിയയിൽ ഉൾപ്പടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊറോണയെക്കാൾ വലിയ വൈറസുകൾ ആണല്ലോ ചിറ്റാറിൽ ഉള്ളതെന്നാണ് സോഷ്യൽമീഡിയ പരിതപിക്കുന്നത്.

Exit mobile version