ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; നെടുമ്പാശ്ശേരിയിലെ ആൾക്കൂട്ടത്തോട് സ്വാമി സന്ദീപാനന്ദഗിരി

കൊച്ചി: റിയാലിറ്റി ഷോയിൽ നിന്നും മറ്റൊരു മത്സരാർത്ഥിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ പുറത്താക്കിയ ഡോ. രജിത്ത് കുമാറിന് വിമാനത്താവളത്തിൽ വൻസ്വീകരണം നൽകിയ ആൾക്കൂട്ടത്തോട് രോഷം കൊണ്ട് സോഷ്യൽമീഡിയ. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം സൃഷ്ടിക്കാനോ ആൾക്കൂട്ടത്തിലേക്ക് പോകാനോ പാടില്ലെന്ന സർക്കാർ നിർദേശം കാറ്റിൽ പറത്തി ഒത്തുകൂടിയ ആരാധകർക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി. രജിത്തിന്റെ ആരാധകർ ഒത്തുകൂടിയതാകട്ടെ കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും. മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച് ജനക്കൂട്ടം റിയാലിറ്റി ഷോ താരത്തിനെ സ്വീകരിക്കാനെത്തിയ ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതാണെന്ന് സന്ദീപാനനന്ദഗിരി പറഞ്ഞു. ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാൽ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം രൂക്ഷവിമർശനം നടത്തിയത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഭാരതീയ ആചാര്യൻ മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിരിക്കുന്നു.
1: #മന്ദബുദ്ധി;ഈകൂട്ടർ ജന്മനാ ബുദ്ധിമാന്ദ്യമുള്ളവരാണ്.ഇവരിൽനിന്ന് അല്പംപോലും വകതിരിവ് പ്രതീക്ഷിക്കരുത്.
2.സ്ഥൂലബുദ്ധി;ഈകൂട്ടർ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരും,ശിക്ഷണത്തിനനുസരിച്ച് സമൂഹത്തിൽ പ്രവർത്തിക്കുന്നവരുമാണ്.
3.തീക്ഷണബുദ്ധി;ഇവരുടെ ബുദ്ധി ഏകാഗ്രവും കാര്യങ്ങളുടെ കാരണത്തെഗ്രഹിക്കാൻ പ്രാപ്തവുമായതായിരിക്കും.
4.സൂക്ഷബുദ്ധി; ഈ കൂട്ടരെ സാരഗ്രാഹികൾ എന്നും വിളിക്കാം ഏത് വിഷയത്തിന്റേയും സാരം ഗ്രഹിക്കാൻ പ്രാപ്തരായവരാണീകൂട്ടർ.

മലയാളികൾ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ. ചില നേരം നമ്മുടെ തൊലിയുരിഞ്ഞ് പോയി എന്നു പറയാറില്ലേ! ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു. മനസ്സിനൊരു സമാധാനം കിട്ടാനുള്ള വഴി ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാ മതിയായിരുന്നു.

Exit mobile version