‘ഇതുപോലെയുള്ള നേതാക്കള്‍ ഇനിയുമുണ്ടാകണമെന്നാണ് ആഗ്രഹം’; ശൈലജ ടീച്ചറെ പ്രശംസിച്ച് അനൂപ് മേനോന്‍

തൃശ്ശൂര്‍: കേരളം കൊവിഡ് 19 വൈറസ് ഭീതിയിലാണ് കഴിയുന്നത്. അതേസമയം ഈ വൈറസിന്റെ വ്യാപനം തടയുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് താരം മന്ത്രിയെ പ്രശംസിച്ചത്. ഇതുപോലെയുള്ള നേതാക്കള്‍ ഇനിയുമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹം എന്നാണ് അനൂപ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ആരാധന തോന്നുന്ന ഒരു നേതാവാണ് ശൈലജ ടീച്ചര്‍. ഇതുപോലുള്ള നേതാക്കള്‍ ഇനിയുമുണ്ടാകണമെന്നാണ് ആഗ്രഹം. അമിതമായ സംസാരം, അനാവശ്യമായ ഇടപെടലുകള്‍ ഇവയൊന്നുമില്ലാത്ത മന്ത്രി വാക്കുകള്‍ വളച്ചൊടിക്കാറില്ലെന്നും മാരകരോഗത്തെ നേരിടുമ്പോള്‍ രാഷ്ട്രീയപരമായ അവസരവാദവും മന്ത്രിക്കില്ലെന്നും ശുദ്ധവും സുതാര്യവുമായ രാഷ്ട്രീയസേവനത്തോടെ ടീച്ചര്‍ ഇനിയും കേരളത്തെ നയിക്കണം’ എന്നുമാണ് അനൂപ് ഫേസ്ബുക്കില്‍ കുറിച്ചത്.

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് അനൂപ് മേനോന്‍ മന്ത്രിയെ പ്രശംസിച്ച് ഇപ്പോള്‍ രംഗത്തെത്തിയത്. അനൂപ് മേനോനെ കൂടാതെ നിരവധി താരങ്ങള്‍ മന്ത്രിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

Exit mobile version