മാസ്‌ക് ധരിച്ച് സേവ് ദി ഡേറ്റ്; കൊറോണ കാലത്ത് സമൂഹത്തിന് പ്രതിരോധ സന്ദേശം പകര്‍ന്ന് ചെക്കനും പെണ്ണും; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളും

മുഹമ്മ: കേരളം കൊറോണ ഭീതിയിലാണ്. പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കിയെങ്കിലും കൊറോണയെ പൂര്‍ണമായും പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള കഠിന പ്രയത്‌നത്തിലാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. ഇതിന്റെ ഭാഗമായി പൊതുപരിപാടികളും വിവാഹ ആഘോഷങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു.

ഈ നിര്‍ദേശം സ്വീകരിച്ച് കല്യാണം ലളിതമാക്കാനുള്ള തീരുമാനത്തിലാണ് രാഹുലും ശ്രീലക്ഷ്മിയും. ഒപ്പം കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനായി മുഖാവരണം ധരിച്ചുള്ള സേവ് ദി ഡേറ്റും ഇരുവരും പുറത്തിറക്കി. മുഖാവരണം ധരിച്ചുള്ള ഇവരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് മറ്റത്തില്‍ ശശിയുടെയും പ്രിയയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും വടക്കനാര്യാട് നേതാജി നിളാപറമ്പില്‍ രാജേന്ദ്രന്റെ മകന്‍ രാഹുലിന്റേയും വിവാഹം ഞായറാഴ്ചയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹം ലളിതമാക്കണമെന്ന് അതിനിടെയാണ് സര്‍ക്കാര്‍ നിര്‍ദേശം വന്നത്. ഈ നിര്‍ദേശം സ്വീകരിച്ച് വധൂഗൃഹത്തില്‍ വെച്ച് ലളിതമായി കല്യാണം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. കല്യാണത്തിന് വളരെ അടുപ്പമുള്ളവര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ.

വിവാഹം ലളിതമാക്കുന്നതിനൊപ്പം ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ സന്ദേശം കൂടി നല്‍കാന്‍ രാഹുലും ശ്രീലക്ഷ്മിയും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മാസ്‌ക് ധരിച്ചുകൊണ്ടുള്ള സേവ് ദി ഡേറ്റ് ഫോട്ടോകള്‍ ഇരുവരും പുറത്തിറക്കിറക്കിയത്. ഫോട്ടോകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനസുരണം കല്യാണത്തിനെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ക്യാമറയും സ്ഥാപിച്ചു. മകരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീടിനുസമീപത്തും മറ്റും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവാഹശേഷമുള്ള സത്കാരം മറ്റൊരുദിവസത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version