അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍: അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി അജി. കെഎസ്ആര്‍ടിസി പൊന്നാനി ഡിപ്പോയിലെ ഡ്രൈവറായ അജി കേസ് അന്വേഷിക്കുന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ഈ മൊഴി നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന കാര്‍ ഓടിച്ചത് ആര് എന്ന വിവാദത്തിന് ഇതോടെ അവസാനമായിരിക്കുകയാണ്. ഡ്രൈവര്‍ അര്‍ജുന്‍ മുന്നിലെ സീറ്റില്‍ ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ സമയത്ത് ബാലഭാസ്‌ക്കര്‍ രക്ഷപ്പെടും എന്നാണ് കരുതിയത്. കാരണം ബാലഭാസ്‌കറിന് അപ്പോഴും ബോധമുണ്ടായിരുന്നു. തങ്ങളോട് ആ സമയത്ത് എന്തൊക്കെയോ പറയാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ ഡ്രൈവര്‍ രക്ഷപ്പെടുകയും ബാലഭാസ്‌കര്‍ മരണപ്പെടുകയും ചെയ്തു-അജി പറയുന്നു.

ലക്ഷ്മിയുടെ സഹോദരന്റെ മൊഴിയെ തുടര്‍ന്നാണ് കാര്‍ ഓടിച്ചത് ആര് എന്ന കാര്യത്തിലുള്ള ഒരു വിവാദം അപകടവുമായി ബന്ധപ്പെട്ടു ഉയര്‍ന്നത്. കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ലക്ഷ്മി മൊഴി നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ സഹോദരനാണ് ആ മൊഴി നല്‍കിയത് എന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ പറയുന്നത്.

അപകടസമയത്ത് മയക്കത്തില്‍ ആയതിനാല്‍ ആരാണ് വാഹനം ഓടിച്ചത് തനിക്കറിയില്ലെന്നാണ് ലക്ഷ്മി മൊഴി നല്‍കിയത്. എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മിക്ക് ഇപ്പോഴും വ്യക്തവുമല്ല. ഇതാണ് ഇപ്പോഴുള്ള പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആ സമയത്ത് ഞാന്‍ മയക്കത്തിലായിരുന്നു. ലക്ഷ്മി പറയുന്നു. മംഗലപുരം പോലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ലക്ഷ്മിയുടെ മൊഴിയുടെ പേരിലുള്ളത് സഹോദരന്റെ മൊഴിയാണ്. ഈ മൊഴിയിലാണ് സംഭവസമയത്ത് ഡ്രൈവര്‍ അര്‍ജുന്‍ ആണ് കാര്‍ ഓടിച്ചത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല.

അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ലക്ഷ്മി മൊഴി നല്‍കിയിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പി പി അനില്‍കുമാറും സ്ഥിരീകരിച്ചിരുന്നു. സംഭവസമയത്ത് അവിടെ എവിടെയും ഉണ്ടാകാത്ത സഹോദരന്റെ മൊഴിയാണ് ലക്ഷ്മിയുടെ മൊഴിയായി പ്രചരിക്കുന്നത്. ലക്ഷ്മിക്ക് വേണ്ടിയാണ് സഹോദരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയിലാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ഉള്ളത്.

അതേസമയം, അപകടം നടന്ന ശേഷം മംഗലപുരം പോലീസ് എഴുതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉള്ളത് കാര്‍ ഓടിച്ചത് ആരെന്നു ഇനിയുള്ള അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട് എന്നാണ്. പ്രാഥമിക അന്വേഷണത്തില്‍ വാഹനം ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ മംഗലപുരം പോലീസില്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സാക്ഷി മൊഴികള്‍ അങ്ങിനെ പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ പറയുന്നത്. കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് സാക്ഷിമൊഴികള്‍ ഉണ്ട്. എന്നാല്‍ കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നും സാക്ഷിമൊഴികളില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഈ മൊഴികള്‍ പോലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തില്‍ കൂടി ആരാണ് കാര്‍ ഓടിച്ചത് എന്ന് വ്യക്തമാകേണ്ടത്. ആ രീതിയിലുള്ള അന്വേഷണത്തിനാണ് പോലീസ് നീങ്ങുന്നത്-ഡിവൈഎസ്പി പറയുന്നു.

Exit mobile version