ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക്; സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി, സ്വാഗതം ചെയ്ത് കുടുംബം

അപകടത്തില്‍ ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും മരണപ്പെട്ടു.

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിനൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു.

അപകടത്തില്‍ ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും മരണപ്പെട്ടു. ഭാര്യ ലക്ഷ്മി തലനാരിഴയ്ക്കാണ് ജീവിതത്തിലേയ്ക്ക് കരകയറി വന്നത്.വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് ദുരൂഹതയ്ക്ക് വഴിവെച്ചത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജ്ജുനും, അല്ല അര്‍ജ്ജുനാണെന്ന് ലക്ഷ്മിയും മൊഴി നല്‍കിയതോടെയാണ് ബന്ധുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂര്‍ച്ചയേറി. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. തീരുമാനത്തെ കുടുംബം സ്വാഗതം ചെയ്തു. ബാലഭാസ്‌കറിന്റെ പിതാവാണ് വിജ്ഞാപനം സ്വാഗതം ചെയ്തത്.

Exit mobile version