ബാലഭാസ്‌കറിന്റെ മരണം കൊലപാതകമെന്ന് കള്ളസാക്ഷി പറഞ്ഞു; കലാഭവൻ സോബിക്ക് എതിരെ കേസെടുക്കാൻ അനുമതി നൽകണമെന്ന് സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കള്ളസാക്ഷി പറഞ്ഞ കലാഭവൻ സോബി ജോർജിനെതിരെ കേസെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ. സംഭവത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ബാലഭാസ്‌കർ കൊല്ലപ്പെട്ടതാണെന്ന മൊഴിയുമായി സോബി പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇദ്ദേഹത്തെ സിബിഐ അന്വേഷണവുമായി സഹകരിപ്പിച്ചത്. പിന്നീട് സിബിഐ സംഘം നടത്തിയ ശാസ്ത്രീയപരിശോധനയായ വോയ്‌സ് അനാലിസിസ് ടെസ്റ്റിൽ സോബി പറഞ്ഞതു കളവാണെന്നു തെളിഞ്ഞിരുന്നു. തുടർന്നു നടത്തിയ പോളിഗ്രാഫ് ടെസ്റ്റിൽ സോബി സഹകരിച്ചിരുന്നുമില്ല. മറ്റു ശാസ്ത്രീയപരിശോധനകളായ ബ്രയിൻ ഫിംഗർ പ്രിന്റ് ടെസ്റ്റ്, നാർക്കോ അനാലിസിസ് ടെസ്റ്റ് എന്നിവയ്ക്കും സോബി തയ്യാറായില്ല.

കേസ് അന്വേഷണം വഴിതെറ്റിക്കാൻ സോബി ബോധപൂർവം അന്വേഷണസംഘത്തോട് കള്ളം പറഞ്ഞതാണെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന ഹർജിയിൽ സിബിഐ പറയുന്നത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിനു മുൻപ് ബാലഭാസ്‌കർ ആക്രമിക്കപ്പെട്ടതായാണ് സോബി മൊഴിനൽകിയത്. എന്നാൽ, അന്വേഷണത്തിൽ സോബിയുടെ മൊഴി കളവാണെന്ന് അന്വേഷണസംഘത്തിനു ബോധ്യമായി.

സംഭവദിവസം ഒരു സ്‌കോർപ്പിേയാ കാറിൽ ആറേഴു പേർ മംഗലപുരം പെട്രോൾ പമ്പിനു സമീപമെത്തുകയും കാറിനു പുറത്തുവച്ച് മദ്യപിക്കുകയും ചെയ്തു. അൽപ്പസമയം കഴിഞ്ഞ് ബാലഭാസ്‌കറിന്റെ കാർ എത്തുകയും സ്‌കോർപ്പിയോയിൽ ഉണ്ടായിരുന്നയാൾ ബാലഭാസ്‌കറിന്റെ നീല ഇന്നോവ ആക്രമിക്കുകയായിരുന്നു എന്നാണ് സോബിയുടെ മൊഴി.

ബാലഭാസ്‌കറിന്റെ കാറിന്റെ പിറകുവശത്തെ ഗ്‌ളാസ് അടിച്ചുപൊട്ടിച്ചെന്നും ഉടനെ മറ്റൊരു വെള്ള ഇന്നോവ കാർ വരുകയും സ്‌കോർപ്പിയോയുടെ പിറകിലായി ബാലഭാസ്‌കറിന്റെ കാർ, അതിനു പിറകിലായി വെള്ള ഇന്നോവ എന്ന രീതിയിൽ തിരുവനന്തപുരത്തേക്കു പോകുകയുംചെയ്തു എന്നായിരുന്നു സോബിയുടെ മൊഴി. സംശയം തോന്നിയ സോബി ഇവരെ പിൻതുടർന്നപ്പോൾ മൂന്നു നാല് കിലോമീറ്ററുകൾക്കപ്പുറം വച്ച് ബാലഭാസ്‌കറിന്റെ കാർ മറിഞ്ഞ് അപകടമുണ്ടായെന്നും സഹായിക്കാൻ പോയ തന്നെ കൂട്ടത്തിലുണ്ടായിരുന്നയാൾ വാൾ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സോബി പറഞ്ഞിരുന്നത്. സംഘത്തിൽ പ്രകാശ് തമ്പി, ജിഷ്ണു സോമസുന്ദരം എന്നിവരുണ്ടായിരുന്നെന്നും സോബി സിബിഐ സംഘത്തോടു പറഞ്ഞിരുന്നു.

Exit mobile version