കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശി കസ്റ്റഡിയില്‍; ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും

കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശി അറസ്റ്റില്‍. കോട്ടയത്തെ മീനടം മേഖലയില്‍ കൊവിഡ് 19 വൈറസ് ബാധയുണ്ടെന്നായിരുന്നു ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊവിഡ് വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആശയവിനിമയവും പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. 11 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version