കൊവിഡ് 19 ഭീതി; ഇന്‍ഫോ പാര്‍ക്കില്‍ പഞ്ചിങ് നിര്‍ത്തി, പത്തനംതിട്ട സ്വദേശികള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പഞ്ചിങ് നിര്‍ത്തിവെച്ചു. ഇതിനോടകം തന്നെ വിവിധ കമ്പനികള്‍ ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇതിനു പുറമെ പത്തനംതിട്ട സ്വദേശികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. പത്തനംതിട്ടയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നേരത്തേ തന്നെ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് പഞ്ചിങ് നിര്‍ത്തിവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 42 മലയാളികളെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍നിന്ന് നാട്ടില്‍ എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ വയ്ക്കണമെന്ന കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

Exit mobile version