ചികിത്സയിലുള്ള മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 14 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയില്‍ 7 പേര്‍ക്കും കോട്ടയത്ത് 4 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇപ്പോള്‍ 1495 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 259 പേര്‍ ആശുപത്രിയിലാണെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിള്‍ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് മുതല്‍ തുടങ്ങും.

അതേസമയം ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 42 മലയാളികളെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍നിന്ന് നാട്ടില്‍ എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ വയ്ക്കണമെന്ന കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

Exit mobile version