പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി; നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് ആരോഗ്യ പ്രവർത്തകരും അധികാരികളും നെട്ടോട്ടമോടുമ്പോൾ സഹകരിക്കാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവർക്ക് എഥിരെ കർശ്ശനമായ നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ നിന്ന് ചാടി പോയ ആൾക്കെതിരെ കേസെടുക്കുമെന്നും കളക്ടർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ആരോടും പറയാതെ ഒളിച്ചുകടന്ന ഇയാൾ ഇടപ്പെട്ടവരെയും നിരീക്ഷിക്കും. ഇതോടൊപ്പം, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഉൾപ്പെടെ ബോധവത്കരണം നടത്തുമെന്നും കളക്ടർ വിശദീകരിച്ചു.

ആശുപത്രിയിലെ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയിൽ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയിൽ നിന്ന് ഒളിച്ചോടിയത്. വെച്ചൂച്ചിറ സ്വദേശിയായ ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്.

അതേസമയം, ജില്ലയിൽ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കുന്ന നടപടി ഇന്ന് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കും. ഇത്തരത്തിൽ വീട്ട് നിരീക്ഷണത്തിലുള്ള രണ്ട് വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ സംവിധാനം ഒരുക്കുന്നുണ്ട്.

Exit mobile version